District News
പാലക്കാട്: സംസ്ഥാന വനിത കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകളുടെ രാത്രിയാത്രാസുരക്ഷ എന്ന വിഷയത്തിൽ പാലക്കാട് ലുലു മാളിലെ ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി പരിപാടി ഉദ്ഘാടനം ചെയ്തു.
ലുലു മാൾ കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാകേഷ് അധ്യക്ഷത വഹിച്ചു. വനിതാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ഐശ്വര്യ വിഷയാവതരണം നടത്തി. ലുലു മാൾ എച്ച്ആർ മാനേജർ ജി. രാകേഷ്, ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് മാനേജർ അരുണ്‍ ഗോകുൽ എന്നിവർ പ്രസംഗിച്ചു.
District News
കോയന്പത്തൂർ: ഭിന്നശേഷിക്കാരായ കായികതാരങ്ങൾക്ക് പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ പാരാലിമ്പിക് സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു.
കോർപറേഷൻ വെസ്റ്റ് സോണിലെ വാർഡ് നമ്പർ 33 ലെ ജീവ നഗർ പ്രദേശത്താണ് കോംപ്ലക്സ് നിർമിക്കുക. ഏകദേശം 1.10 ഏക്കർ സ്ഥലത്ത് 9.90 കോടി രൂപ ചെലവിൽ ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുന്നതിനാണ് ഭരണാനുമതിയായത്.
ജിംനേഷ്യം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക കാത്തിരിപ്പ് മുറികൾ, ടോയ്ലറ്റുകൾ, യോഗ കേന്ദ്രം, പ്രഥമശുശ്രൂഷാ കേന്ദ്രം, കാണികൾക്ക് ഇരിപ്പിട സൗകര്യം, കഫറ്റീരിയ എന്നിവയുൾപ്പെടെ വിവിധ സൗകര്യങ്ങളുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു കോർപ്പറേഷൻ കമ്മീഷണർ ശിവഗുരു പ്രഭാകരൻ പറഞ്ഞു.
District News
തൃശൂർ: നാടിന്റെ വികസനപദ്ധതികൾ അധികൃതരുടെ അനാസ്ഥയിൽ എങ്ങനെ തകർന്നടിയുന്നു എന്നതിന്റെ നേർചിത്രമാണ് ലാലൂരിലെ സൗഹൃദം കമ്യൂണിറ്റി ഹാൾ. ലക്ഷങ്ങൾ ചെലവഴിച്ച് കോർപറേഷൻ നിർമിച്ച കെട്ടിടം ഉദ്ഘാടനംകഴിഞ്ഞ് പ്രവർത്തിച്ചത് വെറും ഒരു വർഷം. തുടർന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇഴജന്തുക്കളുടെ താവളമായി മാറിയ ഈ ഹാൾ ഇന്നിപ്പോൾ നഗരസഭയുടെ പാഴ്വസ്തുക്കൾ തള്ളാനുള്ള ഗോഡൗണുമായി.
അടച്ചുപൂട്ടിയത് സാധാരണക്കാരന്റെ പ്രതീക്ഷകൾ
2014 ഫെബ്രുവരി 17ന് അന്നത്തെ മന്ത്രി സി.എൻ. ബാലകൃഷ്ണനാണ് ഹാൾ ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിച്ചത്. മുൻസിപ്പൽ ക്വാർട്ടേഴ്സ്, ബക്കർ പ്രദേശം, ഓശാന നഗർ എന്നിവിടങ്ങളിലെ നിർധനരായ കുടുംബങ്ങൾക്കു കുറഞ്ഞനിരക്കിൽ വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായിരുന്നു ഈ ഹാൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ എൽഡിഎഫ് ഭരണസമിതി ഹാൾ അടച്ചിട്ടതോടെ നാട്ടുകാരുടെ പ്രതീക്ഷകൾക്കു പൂട്ടുവീണു. ഹാൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പലതവണ സമരം നടത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
വിവാഹവേദിയിൽ പാഴ് വസ്തുക്കളുടെ കൂന്പാരം
മംഗളകർമങ്ങൾ നടക്കേണ്ട ഹാൾ ഇപ്പോൾ ഒളരി പ്രിയദർശിനി ഹാളിന്റെ നിർമാണവുമായി ബന്ധപ്പെട്ട് മാറ്റിയ സാധനങ്ങളും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും തള്ളാനുള്ള ഇടമായി മാറി. മുന്‍പ് നിയമസഭാ പോളിംഗ് ബൂത്തായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സംരക്ഷണ മതിലുകൾ പലയിടത്തും തകർന്നുതുടങ്ങി. കെട്ടിടത്തിന്റെ ഭിത്തികളിലും പരിസരങ്ങളിലും മരങ്ങളും പുല്ലും വളർന്ന നിലയിലാണ്.
നശിക്കുന്നു...
ബൊക്കാഷി ബക്കറ്റുകളും ഇനാകുലവും
കെട്ടിടം നശിക്കുന്നതിനൊപ്പം നഗരസഭയുടെ ലക്ഷക്കണക്കിനു രൂപയുടെ മാലിന്യ സംസ്കരണ ഉപകരണങ്ങളും ഇവിടെ നശിക്കുന്നുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിനായി വാങ്ങിയ നൂറുകണക്കിന് ബൊക്കാഷി ബക്കറ്റുകളും ചാക്കുകണക്കിന് ഇനാകുലവും കഴിഞ്ഞ രണ്ടു വർഷമായി വിതരണംചെയ്യാതെ ഹാളിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ എലികൾ നശിപ്പിച്ചനിലയിലാണ്.
ഗുണനിലവാരമില്ലാത്ത ബക്കറ്റുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പഴയവ നശിപ്പിക്കുന്പോൾ പുതിയവ വാങ്ങാൻ ഭരണസമിതി നീക്കം നടത്തുന്നതു ദുരൂഹമാണെന്നും ഡിവിഷൻ കൗണ്‍സിലർ ലാലി ജെയിംസ് ആരോപിച്ചു.
ശുചീകരണം ഉടൻ, വീണ്ടും പോളിംഗ് ബൂത്താക്കാൻ നീക്കം
ഹാൾ എത്രയും വേഗം ശുചീകരിച്ച് തുറന്നുനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ കൗണ്‍സിലിൽ വിഷയം ഉന്നയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാളിനെ വീണ്ടും പോളിംഗ് ബൂത്തായി മാറ്റാൻ അപേക്ഷ നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഉടൻ ഹാൾ വൃത്തിയാക്കി പ്രവർത്തനസജ്ജമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കൗണ്‍സിലർ വ്യക്തമാക്കി.
District News
ഇരിങ്ങാലക്കുട: ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് നടന്ന പ്രഥമ ഒ. ചന്ദ്രശേഖരന് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗോകുലം എഫ്സി കോഴിക്കോട് ജേതാക്കള്‍.
ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തില്‍ 2-1 എന്ന സ്കോറിന് കേരള പോലീസിനെ ഗോകുലം എഫ്സി പരാജയപ്പെടുത്തി. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഗോകുലത്തിന് വേണ്ടി അക്ഷുമ കേരള പോലീസിന്റെ വല ചലിപ്പിച്ചു. പത്താം മിനിറ്റില്‍ റിഷാദിലൂടെ ഗോകുലം ലീഡ് 2 - 0 ആക്കി ഉയര്‍ത്തി. പത്തൊന്‍പതാം മിനിറ്റില്‍ കേരള പോലീസ് ബേബിളിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
സമാപന ചടങ്ങില്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റും മുന്‍ താരവുമായ യു. ഷറഫലി മുഖ്യാതിഥി ആയിരുന്നു. മികച്ച ഗോള്‍ കീപ്പര്‍ ആയി ഗോകുലത്തിന്റെ ബിശ്വജിത്ത്, ഡിഫന്‍ഡറായി ഗോകുലത്തിന്റെ അതുല്‍, മിഡ് ഫീല്‍ഡര്‍ ആയി കേരള പോലീസിന്റെ ജംഷദ്, ഫോര്‍വേര്‍ഡ് ആയി കേരള പോലീസിന്റെ ബേബിള്‍, മികച്ച കളിക്കാരനായി ഗോകുലത്തിന്റെ മോസസ്, മികച്ച ടീം ആയി പറപ്പൂര് എഫ്സി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് ട്രോഫി മുന്‍ കോച്ച് പീതാംബരന്, ഫാ. ജോയ് പീണിക്കപ്പറമ്പില്‍, റോയി കുര്യന്, ഒളിംപ്യന്‍ എഫ്സി സെക്രട്ടറി എ.വി. ജോസഫ്, പ്രസിഡന്റ് എം.കെ. പ്രഹ്ളാദന്, സി.പി. അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കൊടകര: മറ്റത്തൂര്‍, കൊടകര പഞ്ചായത്തുകളിലെ ആയിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന കാവനാട് ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. കുറുമാലിപുഴയിലെ ജലനിരപ്പ് താഴ്ന്നതാണ് ആറ്റപ്പിള്ളിയിലുള്ള കുടിവെള്ള പദ്ധതിയുടെ പമ്പിംഗ് നിലയ്ക്കാന്‍ കാരണമായത്.
പമ്പിംഗ് നിലച്ചതോടെ കുടിവെള്ളം കിട്ടാതെ നൂറുകണക്കിനു കുടുംബങ്ങള്‍ ദുരിതത്തിലാണ്. വേനല്‍ രൂക്ഷമായതിനെ തുടര്‍ന്ന് കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുന്നതിനിടെ പൈപ്പുവഴിയുള്ള ജലവിതരണം തടസപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്.
പല കുടുംബങ്ങലും ലോറിയില്‍ വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുറുമാലിപുഴയില്‍ നിര്‍മിക്കാറുള്ള താത്്കാലിക തടയണകളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് പുഴയിലെ ജലനിരപ്പ് താഴ്ന്നുപോകാന് കാരണായത്. ചിമ്മിനിഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടാലേ പ്രതിസന്ധി പരിഹരിക്കപ്പെടുകയുള്ളു.
വിവിധയിടങ്ങളില്‍ ചിറകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്തമാസം രണ്ടിനേ ചിമ്മിനിഡാമില്‍ നിന്ന് വെള്ളം തുറന്നുവിടാനാകൂ എന്നാണ് ജലസേചന വകുപ്പധികൃതരുടെ നിലപാട്.
ആറ്റപ്പിള്ളിയുടെ താഴ്ഭാഗത്തുള്ള കുണ്ടുകടവില്‍ നേരത്തെ വേനല്‍ക്കാലത്ത് താല്‍ക്കാലിക മണ്‍ചിറ നിര്‍മിക്കാറുണ്ട്. എന്നാല്‍ കുണ്ടുക്കടവില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇവിടെ ഇപ്പോള്‍ തടയണ നിര്‍മാണം നടന്നിട്ടില്ല. ആറ്റപ്പിള്ളി പമ്പ് ഹൗസിനു സമീപം പുഴയില്‍ നിര്‍മിച്ചിട്ടുള്ള കിണറില്‍ വെള്ളമില്ലാത്തതിനാലാണ് ഇവിടെ കഴിഞ്ഞ മൂന്നുദിവസത്തോളമായി പമ്പിംഗ് പൂര്‍ണമായി നിലച്ചത്.
പുഴയില്‍ മണല്‍ച്ചാക്കുകളിട്ട് ഇവിടെ വെള്ളം തടഞ്ഞുനിര്‍ത്തി കിണറില്‍ ജലനിരപ്പുയര്‍ത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.ടില്ലറുകളുടെ സഹായത്തോടെ പുഴയില്‍ നിന്ന് ആറ്റപ്പിള്ളിയിലെ ഫില്‍റ്റര്‍ ബസ് കിണറിലേക്ക് വെള്ളം പമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി പമ്പ് ഹൗസിലെ കിണറ്റില്‍ ജലവിതാനം ഉയര്‍ത്തി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് പൈപ്പുകള്‍ വഴി കുറഞ്ഞതോതില്‍ വെള്ളം വിതരണം ചെയ്തു തടങ്ങിയിട്ടുണ്ട്.
ധര്‍ണ നടത്തി
കൊടകര: പമ്പിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് കൊടകര പഞ്ചായത്തില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൊടകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കൊടകര പഞ്ചായത്തോഫിസിന് മുന്നില്‍ നടന്ന ധര്‍ണ സിപിഎം കൊടകര ഏരിയ കമ്മിറ്റി അംഗവും, പഞ്ചായത്ത് മെമ്പറുമായ സി.എം. ബബീഷ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ചു.
District News
മാള: കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസവകുപ്പും കെ-ഡിസ്ക്കും സംയുക്തമായി നടത്തിയ സംസ്ഥാനതല ശാസ്ത്ര പഥം 8.0 പരീക്ഷയില്‍ രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ ശാസ്ത്ര പ്രതിഭകൾ വിജയികളായി.
എട്ടാംക്ലാസ് വിദ്യാർഥികളായ അച്യുത് വി. പൈ, എസ്.എസ്. പ്രണവ്. എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന നൂതന സംവിധാനമായ സ്മാർട്ട് റോഡ് മാനേജ്മെന്റ് എന്ന ആശയമാണ് അംഗീകാരത്തിന് അർഹമായത്.
സംസ്ഥാന തലത്തിൽ വിവിധ ജില്ലകളിലെ സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 505 വിദ്യാർഥികൾ അവരുടെ 201 ആശയങ്ങളുമായി മത്സരത്തിൽ പങ്കെടുത്തു.
സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 50,000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ 30 മുതൽ ഫെബ്രുവരി രണ്ട് വരെ എറണാകുളത്ത് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും അവസരമുണ്ട്. ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മുഖാമുഖത്തില്‍ പങ്കെടുക്കുവാനും ഇവർക്ക് അവസരം ലഭിക്കും.
മാള കാവനാട് കോനേരി വീട്ടില്‍ വിനീഷിന്റെയും, കൃഷ്ണപ്രിയയുടെയും മകനാണ് അച്യുത് വി.പൈ, പ്രണവ് അഷ്ടമിച്ചിറ പെരുപ്പാട്ട് വീട്ടില്‍ സിന്റോ സദാനന്ദന്റെയും സീമയുടെയും മകനാണ്.
District News
തിരുമുടിക്കുന്ന് പള്ളി
കൊരട്ടി : തിരുമുടിക്കുന്ന് ചെറുപുഷ്പ പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേനക്ക് തുടക്കമായി. തിരുനാൾ വരെ എല്ലാ ദിവസങ്ങളിലും വൈകിട്ട് ആറിന് വിശുദ്ധ കുർബാന, പ്രസംഗം, നൊവേന എന്നിവ ഉണ്ടായിരിക്കും.
7, 8 തിയതികളിലാണ് തിരുനാൾ. കൊടിയേറ്റ് ദിനമായ ആറിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകിട്ട് 5.30ന് വികാരി റവ.ഡോ. പോൾ മൂഞ്ഞേലി തിരുനാള്‍ കൊടിയേറ്റ് നിർവഹിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, ആഘോഷമായ പാട്ടുകുര്‍ബാന, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഏഴിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നിത്യസഹായ മാതാവിന്റെ നൊവേന, തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, തുടർന്ന് പള്ളിയില്‍നിന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍.
വൈകിട്ട് അഞ്ചിന് ഫാ. അഖിൽ അപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന. ഫാ. ദേവസി തയ്യിൽ വചനസന്ദേശം നൽകും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം. വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ ആഘോഷിക്കുന്ന എട്ടിന് രാവിലെ 6.45നും ഒമ്പതിനും വിശുദ്ധ കുര്‍ബാന. വൈകിട്ട് 5.30ന് ഫാ.അമൽ മാളിയേക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. മംഗലപ്പുഴ സെമിനാരി റെക്ടർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ പ്രസംഗിക്കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
ഒമ്പതിന് വെെകീട്ട് ഏഴിന് ചലച്ചിത്ര പിന്നണി ഗായകൻ ശ്രീരാഗ് ഭരതനും സംഘവും നയിക്കുന്ന ബീറ്റ്സ് ഓഫ് തൃശൂരിന്റെ ഗാനമേള.
പേരാമ്പ്ര പള്ളി
കൊടകര: പേരാമ്പ്ര സെന്റ്് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ അമ്പുതിരുനാളിന് കൊടിയേറി.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടികയറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, പ്രവാസി സംഗമം എന്നിവയുണ്ടായി. ഇന്നും നാളേയുമായാണ് തിരുനാളാഘോഷങ്ങള്‍. ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വീടുകളിലേയ്ക്ക് അമ്പ് എഴുന്നള്ളിപ്പ്, രാത്രി 12ന്് 24 സെറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണങ്ങള്‍ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ പള്ളിയില്‍ സമാപനം.
നാളെ രാവിലെ പത്തിന് രൂപതയിലെ എട്ടു നവവൈദികരുടെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന, ഉച്ചകഴിഞ്ഞ് 3.30ന് ഇടവകയിലെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വൈകീട്ട് ഏഴിന് പ്രദക്ഷിണം, പള്ളിയില്‍ സമാപിക്കല്‍, തുടര്‍ന്ന് മാനത്ത് വര്‍ണമഴ. രാത്രി എട്ടിന് ഗായിക അമൃത സുരേഷ് നയിക്കുന്ന മ്യൂസിക് മെഗാഷോ നടക്കും. 31 ന് ടൗണ്‍ അമ്പ് , രാത്രി 11ന് ടൗണ്‍ അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കല്‍ എന്നിവ ഉണ്ടാകും.
District News
മൂര്ക്കനാട്സെന്റ്് ആന്റണീസ് എച്ച്എസ്എസ്
മൂര്‍ക്കനാട്: സെന്റ്് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ വാര്‍ഷികാഘോഷം ഇരിക്കാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരിമ്പന്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്്, ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ വിഷ്ണു പ്രഭാകരന്, സ്കൂള്‍ പ്രധാനധ്യാപിക പ്രീത ഫിലിപ്പ്, കരാഞ്ചിറ ഹൈസ്കൂള്‍ പ്രധാനധ്യാപിക ഹീര ഫ്രാന്‍സീസ് ആലപ്പാട്ട്, സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍ പ്രധാനധ്യാപിക കെ.ഐ. റീന, ട്രസ്റ്റി സി.വി. പോളി, മാനേജ്മെന്റ്് കമ്മിറ്റി കണ്‍വീനര്‍ എം.എസ്. ബെഞ്ചമിന്‍, പിടിഎ പ്രസിഡന്റുമാരായ ഷീജ സന്തോഷ്, യു.എച്ച.് ഷാജഹാന്, ഒഎസ്എ പ്രസിഡന്റ് പോള്‍ തേറുപറമ്പില്‍, സീനിയര്‍ ടീച്ചര്‍മാരായ ടി.ജെ. ജാന്‍സി, കെ.പി. ലിറ്റി, സ്കൂള്‍ ലീഡര്‍മാരായ ലിനറ്റ് ലിജോമോന്, ഫാത്തിമാതു, പി.എ. ഫിഥാ, സ്റ്റാഫ് സെക്രട്ടറിമാരായ ആശ ജി. കിഴക്കേടത്ത്, എം.എല്‍. ഷാലിനി, ഈ വര്‍ഷം വിരമിക്കുന്ന ബിന്ദു തോമാസ് എന്നിവര്‍ സംസാരിച്ചു.
മുകുന്ദപുരം പബ്ലിക് സ്കൂൾ
നടവരമ്പ്: ലഹരി വിമുക്ത സന്ദേശത്തോടെ സംഘടിപ്പിച്ച മുകുന്ദപുരം പബ്ലിക് സ്കൂളിന്റെ വാര്‍ഷികാഘോഷം കെഎഫ്ആര്‍ഐ ചീഫ് സയന്റിസ്റ്റ് ടി.വി. സജീവ് ഉദ്ഘാടനം ചെയ്തു.
മണപ്പുറം എജ്യുക്കേഷന്‍ കള്‍ചറല്‍ സൊസൈറ്റി പ്രസിഡന്റ്് വി.പി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ജിജി കൃഷ്ണ, വൈസ് പ്രിന്‍സിപ്പല്‍ ആശ വര്‍ഗീസ്, ഫിഡല്‍ രാജ്, ജോ പോള്‍ അഞ്ചേരി, ഡാവിഞ്ചി സുരേഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വത്സല ബാബു, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണിക്കൃഷ്ണന്, വാര്‍ഡംഗം രേണുക സജി, പിടിഎ പ്രസിഡന്റ് വിനോദ് മേനോന് എന്നിവര്‍ പ്രസംഗിച്ചു.
വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ സ്കൂൾ
കൊരട്ടി: വാലുങ്ങാമുറി ഹെെരാർക്കി മെമ്മോറിയൽ എൽപി സ്കൂളിന്റെ 101-ാം വാർഷികവും അധ്യാപക രക്ഷകർതൃദിനവും പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ റവ.ഡോ. പോൾ മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. ചാലക്കുടി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ.രാജു മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ വി.കെ. കൃഷ്ണൻ എൻഡോവ്മെന്റുകൾ വിതരണംചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി അഗസ്റ്റിൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി ഡേവീസ്, പ്രധാനാധ്യാപിക ജിജി പൗലോസ്, സ്റ്റാഫ് സെക്രട്ടറി ജിജി ജോർജ്, തിരുമുടിക്കുന്ന് പള്ളി ട്രസ്റ്റി ബെന്നി പോൾ വല്ലൂരാൻ, ഒഎസ്എ പ്രസിഡന്റ് ജോയ് ജോൺ, സ്കൂൾ വികസന സമിതി പ്രസിഡന്റ് വറീത് കണ്ടംകുളത്തി, പി.ടി.എ. പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലിജോ ജോസ്, എം.പി.ടി.എ. പ്രസിഡന്റ് ജയ്മോൾ മധു, സ്കൂൾ ലീഡർ അമേയ ലിജോ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ
കൊരട്ടി: ആറ്റപ്പാടം എസ്കെഎം എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.പി. ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ എൻഡോവ്മെന്റ്് വിതരണം നടത്തി. മേലൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.ഡി.സജി പ്രവർത്തിപരിചയമേളയുടെ സമ്മാനവിതരണം നടത്തി. മല്ലഞ്ചിറ സുബ്രമണ്യ ക്ഷേത്രം മേൽശാന്തി സലിൽ ആചാര്യ അനുഗ്രഹപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പെല്ലിശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിജി അനിൽകുമാർ, ഹെഡ്മിസ്ട്രസ് കെ.പി. ഷീബ, സുവർണ ജൂബിലി ആഘോഷസമിതി ചെയർപേഴ്സനും മുൻ പഞ്ചായത്ത് അംഗവുമായ ഷിമ സുധിൻ, പിടിഎ പ്രസിഡന്റ് അനുഷ പ്രജിൻ, എംപിടിഎ പ്രസിഡന്റ്് ഗ്രീഷ്മ അനിൽ, സ്കൂൾ ലീഡർ എസ്.ബി. സഹർഷ്, അധ്യാപക പ്രതിനിധികളായ പി.ഗായത്രി, ശീതൾ എം.ജോസ് എന്നിവർ പ്രസംഗിച്ചു.
നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ
ചാലക്കുടി: നായരങ്ങാടി വിദ്യാഭവൻ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസിന് യാത്രയയപ്പ് നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ്് പ്രതിനിധി ആൻമേരി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കോടശേരി പഞ്ചായത്ത് പ്രസിഡന്റ് സുനന്ദ നാരായണൻ, ബിപിസി ലിജൊജോസ്, കോടശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിജി ജോയി, വാർഡ് മെമ്പർ പ്രിയ ബാബു, സി.സിജി ജോർജ്, കെ. ഫിജി ജോർജ്, എ. സ്നേഹലത, ഒഎസ്എപ്രസിഡന്റ് കെ.ആർ. സജിത് കുമാർ, രവി ചിറ്റിയത്ത്, സ്കൂൾ ലീഡർ മിലേഖ ബിനു, പിടിഎ പ്രസിഡന്റ്് വിജില ശ്രീനു എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാന അധ്യാപിക ഷൈനി ഫ്രാൻസീസ് മറുപടി പ്രസംഗം പറഞ്ഞു.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഇരുന്നൂറ്റിയന്പതിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഫറന്‍സ് ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത കായിക മനഃശാസ്ത്രജ്ഞനായ ഡോ. അനില്‍ രാമചന്ദ്രന് ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തില്‍ 60 ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ള ഏഴ് അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രബന്ധങ്ങളും ഉള്‍പ്പെട്ടിരുന്നു. കായികശാസ്ത്ര രംഗത്തെ സമഗ്ര സമീപനങ്ങളും നവീന ഗവേഷണ പ്രവണതകളും സമ്മേളനത്തില്‍ ചര്‍ച്ചയായി.
District News
ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ചാവറപിതാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പോട്ട തെരേസ്യന്‍ സോഷ്യല്‍ സെന്ററില്‍ ചാവറ ഫാമിലി ക്വിസ് സംഘടിപ്പിച്ചു. ചാലക്കുടി പുല്ലംകുളം അബ്രാഹം ബിന്നി കുടുംബം ഒന്നാംസ്ഥാനവും കുരിയച്ചിറ എലുവത്തിങ്കല്‍ സാംസണ് ബേബി കുടുംബം രണ്ടാംസ്ഥാനവും എടത്തുരുത്തി മേനാച്ചേരി റാഫേല്‍ ഗീത കുടുംബം മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിശുദ്ധ ചാവറപിതാവ് ദര്‍ശനങ്ങളില്‍ ഊന്നി ദൈവിക മൂല്യങ്ങള്‍ കുടുംബങ്ങളില്‍ വളര്‍ത്തുവാന്‍ ഉതകുന്നതായിരുന്നു ഈ പ്രോഗ്രാം. 33 ടീമുകള്‍ പങ്കെടുത്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റർ ധന്യ സിഎംസി വിജയികള്‍ക്ക് സമ്മാനം നൽകി. സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റർ ഡിവീന സിഎംസി സ്വാഗതവും സിസ്റ്റർ ജിയന്ന സിഎംസി നന്ദിയും പറഞ്ഞു.
District News
വരന്തരപ്പിള്ളി: കുറുമാലിപ്പുഴയിലെ അശാസ്ത്രീയമായ മണ്‍ചിറ നിര്‍മാണത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. വരന്തരപ്പിള്ളി തോട്ടുമുഖത്ത് നിര്‍മിക്കുന്ന ചിറയുടെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധമുയരുന്നത്.
പുഴയ്ക്കുകുറുകെ ഇരുവശങ്ങളിലും മണല്‍ചാക്ക് ഉപയോഗിച്ച് നിര്‍മിക്കുന്ന ചിറയില്‍ മണ്ണ് നിക്ഷേപിച്ചാണ് പണി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പുഴയില്‍നിന്നെടുത്ത കല്ലുകൊണ്ടാണ് കരാറുകാര്‍ ചിറ നിര്‍മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ചിറ സ്വാഭാവികമായി പൊട്ടാതിരിക്കുകയും പുഴയോരം വ്യാപകമായി ഇടിയാന്നും കാരണമാകും. വര്‍ഷക്കാലത്ത് ചിറപൊട്ടാതെ വരുന്നതോടെ സമീപപ്രദേശത്തെ പാടശേഖരങ്ങളില്‍ വെള്ളംകയറാനും സാധ്യതയേറെയാണ്.
ജലസേചനത്തിനും കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണുന്നതിനാണ് വര്‍ഷംതോറും പുഴയില്‍ മണ്‍ചിറകള്‍ നിര്‍മിക്കുന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ചിറകള്‍ നിര്‍മിക്കുന്നത്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുന്ന തരത്തില്‍ ചിറ നിര്‍മിക്കുന്നതിലൂടെ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന ആരോപണമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിര്‍മിച്ച ചിറയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ പൊളിച്ചുനീക്കാതെ പുഴയില്‍നിന്നെടുക്കുന്ന കല്ലുകളാണ് വീണ്ടും ഉപയോഗിക്കുന്നത്.
ഇതിലൂടെ കരാറുകാര്‍ക്ക് വന്‍ ലാഭമാണ്. ഇത്തരത്തില്‍ ചിറ നിര്‍മിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വരന്തരപ്പിള്ളി, പുതുക്കാട് പഞ്ചായത്ത് പരിധിയിലായി കുറുമാലിപ്പുഴയില്‍ അഞ്ച് ചിറകളാണ് നിര്‍മിക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന താത്കാലിക മണ്ചിറകള്ക്കുപകരം സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
പുതുക്കാട്: ചിമ്മിനി ഡാമിൽ സന്ദര്ശകര്നില്ക്കുന്ന ഭാഗത്തെ കൈവരി തകര്‍ന്നത് അപകടഭീഷണിയാകുന്നു.കോണ്‍ക്രീറ്റ് കാലില്‍ ഘടിപ്പിച്ച ഇരുമ്പ് പൈപ്പുകളാണ് നശിച്ചത്. ഡാം തുറക്കുന്നത് കാണാന്പുഴയുടെ ഇരുവശത്തുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൈവരി സ്ഥാപിച്ചത്. ഇതില്‍ പുഴയുടെ വലതുവശത്തെ കൈവരികളാണ് തകര്‍ന്നത്. മാസങ്ങളായി തകര്‍ന്ന കൈവരികള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
വേനലില്‍ ഡാം തുറക്കുന്നത് കാണാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്. തകര്‍ന്ന കൈവരിയോടുചേര്‍ന്ന് നില്ക്കുന്നവര് പുഴയിലേക്കുവീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്.
അപകടാവസ്ഥയിലായ കൈവരികള്‍ മാറ്റി സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്ക് പരാതിനല്‍കി.
District News
എരുമപ്പെട്ടി: യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും ഇലക്ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു.
അപകടത്തിനുശേഷം നിർത്താതെപോയ കാർ പോലീസ് പിന്തുടർന്ന് പിടികൂടി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടുയുവാക്കളെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി.
ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു മണിയോടെയാണ് സംഭവം. വെളളറക്കാട് ഭാഗത്തുനിന്നുവന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ എരുമപ്പെട്ടി ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽവച്ച് നിയന്ത്രണംവിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലും നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. ഇടിയിൽ രണ്ടു കാറുകളുടേയും മുൻവശംതകരുകയും ഇലക്ട്രിക് പോസ്റ്റിന്റെ കടഭാഗം മുറിഞ്ഞു വീഴുകയുംചെയ്തു.
അപകടത്തിനുശേഷം കാർ പിറകോട്ടെടുത്ത് യുവാക്കൾ അമിതവേഗത്തിൽ ഓടിച്ചുപോയി. പ്രധാന റോഡിൽനിന്നു മാറി മറ്റുവഴികളിലൂടെ സഞ്ചരിച്ച കാറിനെ പിന്തുടർന്ന എരുമപ്പെട്ടി പോലീസ് മങ്ങാട് - കോട്ടപ്പുറം റോഡിൽവച്ച് കണ്ടെത്തുകയും കാർ തടയുകയും ചെയ്തു. പോലീസു വാഹനത്തിലും ഇടിച്ച കാർ നിർത്തി യുവാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിന്തുടർന്ന പോലീസ് ഓടിച്ചിട്ട് പിടികൂടി.
District News
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് തുടക്കമായി. രാവിലെ എട്ടിന് ചാവക്കാട് ടൗണിൽനിന്ന് പ്രജ്യോതിയുടെ ആദ്യ കാഴ്ച പുറപ്പെട്ടതോടെ 238-ാം ആഘോഷങ്ങൾക്ക് ആരംഭമായി. നേർച്ചയുടെ വിളംബരമറിയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി മണത്തല ദേശത്ത് സഞ്ചരിച്ചിരുന്ന ഹുസൈൻ ഉസ്താദിന്റെ നേതൃത്വത്തിലുള്ള മുട്ടും വിളി സംഘമാണ് ആദ്യ കാഴ്ചയ്ക്ക് മുന്നിൽ താളമിട്ടത്. ദഫ് മുട്ടും
അകമ്പടിയായി. തുടർന്ന് നാടിന്റെ നാനാഭാഗത്തുനിന്നും എഴുന്നള്ളിപ്പുകൾ ജാറത്തിലെത്തി കാഴ്ച സമർപ്പിച്ചു.
ഗതാഗതനിയന്ത്രണം
മണത്തല നേർച്ച ആഘോഷത്തിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇന്നുവൈകിട്ട് അഞ്ചുമുതൽ നാളെ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പൊന്നാനി ഭാഗത്തുനിന്നു ചാവക്കാട് ഭാഗത്തേയ്ക്ക് ദേശീയപാത വഴി വരുന്ന എല്ലാ വാഹനങ്ങളും ചങ്ങരംകുളം - കുന്നംകുളം -ചാവക്കാട് വഴിയും മറ്റു വാഹനങ്ങൾ പാലപ്പെട്ടിയിൽനിന്നും കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേയ്ക്കുപോകുന്ന വാഹനങ്ങൾ മമ്മിയൂർ - ആനക്കോട്ട - വടക്കേകാട് - പെരുമ്പടപ്പ് വഴിയോ, കുന്നംകുളം -ചങ്ങരംകുളം വഴിയോ പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു.
District News
തൃശൂർ: ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ 23-ാം ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാർഥികളുടെയും 61-ാം ബാച്ചിലെ ജനറൽ നഴ്സിംഗ് വിദ്യാർഥികളുടെയും രോഗീപരിചരണത്തിനുമുൻപുള്ള ദീപം തെളിയിക്കൽ ചടങ്ങ് നടത്തി.
ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. ഗവ. നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ പ്രഫ. റീന എം. തങ്കരാജ് മുഖ്യപ്രഭാഷണം നടത്തി.
ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോയ്സണ്‍ ചെറുവത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, ജൂബിലി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജൂഡി, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ, വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ ഡോ. ട്രീസ ആന്റോ, സിജി ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ മെറ്റിൽഡ പോൾ, നഴ്സിംഗ് പിടിഎ പ്രസിഡന്റ് ഡോ. എം.ജെ. വിജു എന്നിവർ പങ്കെടുത്തു.
District News
കൈപ്പറമ്പ്: ദേവാലയത്തിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാളിന് തുടക്കമായി. ഇന്നുരാവിലെ ആഘോഷമായ ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, അമ്പ് വെഞ്ചരിപ്പ് എന്നിവയും രാത്രി 10ന് അമ്പ് സമാപനവും നടക്കും.
തിരുനാൾ ദിനമായ നാളെ രാവിലെ 6.15നും 10നും വൈകിട്ട് നാലിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ഗ്രിജോ മുരിങ്ങാത്തേരി മുഖ്യകാർമികനാകും. ഫാ. ജോൺ അയ്യങ്കാനയിൽ സന്ദേശംനൽകും. ഫാ. പോൾ കള്ളിക്കാടൻ സഹകാർമികനാകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് ഫ്യൂഷൻ നൈറ്റുമുണ്ടാകും. 31ന് രാവിലെ മരിച്ചുപോയവർക്കുള്ള അനുസ്മരണ ബലി. ഇടവക വികാരി ഫാ. റാഫേൽ പുല്ലോക്കാരൻ, ജനറൽ കൺവീനർ ജോൺസൺ എലവത്തിങ്കൽ, കൈകാരന്മാരായ ഡേവിഡ് വാഴപ്പിള്ളി, കെ.എഫ്. ബിജോയ്, സിജു മുളയ്ക്കൽ തുടങ്ങിയവർ നേതൃത്വംനൽകും.
പുതുക്കാട് ഫൊറോന പള്ളി
പുതുക്കാട്: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ ശനി, ഞായർ തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകിട്ട് കുർബാനയ്ക്കുശേഷം കൂടുതുറക്കല് നടക്കും. തിരുനാള്‍ദിനമായ ഫെബ്രുവരി ഒന്നിന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഇലോയ് ചിറമല്‍ കാര്‍മികനാകും. ഫാ. ഷിന്റോ കുളങ്ങര തിരുനാള്സന്ദേശംനല്കും. വൈകിട്ട് നാലിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ഷൈജോ പാറമ്മേല്‍ കാര്‍മികത്വംവഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും വര്‍ണമഴയും ഉണ്ടായിരിക്കും.
തിരുനാളിനോടനുബന്ധിച്ചുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചുനൽകിയ ഭവനത്തിന്റെ താക്കോൽദാനം നടന്നതായി ഭാരവാഹികൾ അറിയിച്ചു. വികാരി ഫാ. പോള്‍ തേയ്ക്കാനത്ത്, ട്രസ്റ്റിമാരായ ഡെയ്സണ്‍ മഞ്ഞളി, കെ.ജെ. ജോജു, പോള്‍സണ്‍ കൊടവരക്കാരന്, ജനറല്‍ കണ്‍വീനര്‍ ഷാജു മൂലന് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
District News
ഗുരുവായൂർ: മഹാരാജ ജംഗ്ഷനിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. രാവിലെ എട്ടോടെയായിരുന്നു അപകടം.
കാണിപ്പയ്യൂർ ചൊവ്വന്നൂർ ബ്ലോക്ക് ഓഫീസിനുസമീപം സരോജത്തിൽ പുരുഷോത്തമൻ(ബാബു- 70), ഭാര്യ സരോജം(60), സഹോദരി രമണി(65) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേരിപ്പിച്ചു. എതിരേവന്ന കാർ അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
District News
കണ്ണൂർ: അത്യപൂർവമായി മാത്രം തെക്കെ ഇന്ത്യയിൽ കാണുന്ന ചുവപ്പ് വാലൻ ഷ്രൈകിനെ (isabelline shrike ) കണ്ണൂരിലെ കാട്ടാന്പള്ളി പാടശേഖരത്തിൽ കണ്ടെത്തി. കുറച്ചുകാലമായി കാട്ടാമ്പള്ളിയുടെ സമീപ പ്രദേശങ്ങളിൽ ബ്രൗൺ ഷ്രൈകിന് സാമ്യമുള്ള പക്ഷിയെ കണ്ടതായി പക്ഷിനിരീക്ഷകരായ ഡോ. ജയൻ തോമസും അഫ്സൽ നായകനും അഭിപ്രായപ്പെട്ടിരുന്നു. ചൊവ്വാഴ്ച വന്യജീവി സംരക്ഷണ സംഘടനയായ മാർക്കും സാമൂഹ്യവനവത്കരണ വിഭാഗവും കാട്ടാന്പള്ളി മേഖലയിൽ വെള്ളവയറൻ കടൽപരുന്ത് സർവേ നടത്തുന്നതിനിടെ സർവേ സംഘത്തിലുണ്ടായിരുന്ന സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജാണ് ചുവപ്പുവാലൻ ഷ്രൈകിനെ കണ്ടെത്തി ചിത്രം പകർത്തിയത്.
സർവേ സംഘാംഗങ്ങളായ ഡോ. സി. മോഹനൻ, ഡോ. റോഷ്നാഥ് രമേശ്, ആഷ്ലി ജോസ് എന്നിവരാണ് പക്ഷി ചുവപ്പുവാലൻ ഷ്രൈകാണെന്ന് സ്ഥിരീകരിച്ചത്. മംഗോളിയ, ചൈന എന്നീ രാജ്യങ്ങളിൽ കാണുകയും ഇവിടങ്ങളിൽ പ്രജനനം നടത്തുന്നതുമായ ദേശാടന പക്ഷികളാണ് ചുവപ്പു വാലൻ ഷ്രൈക്. ഗുജറാത്ത്, രാജസ്ഥാൻ മേഖലകളിലും ഇവയെ കാണാറുണ്ട്. കേരളത്തിൽ വർഷങ്ങൾക്കു മുന്‍പ് തൃശൂർ കോൾ തണ്ണീർത്തടത്തിലായിരുന്നു ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്. കണ്ണൂരിൽ ആദ്യമായാണ് ചുവപ്പു വാലൻ ഷ്രൈകിനെ കണ്ടെത്തുന്നത്.
District News
കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉയര്‍ത്തിയ ആരോപണങ്ങളില്പെട്ട സ്ഥലമിടപാടിനായി മുടക്കിയ കോടികള്‍ ഇപ്പോഴും ഡെഡ്മണിയായി അവശേഷിക്കുന്നു. തണ്ണീര്തടത്തില്പ്പെട്ട സ്ഥലം വാങ്ങിയതിലൂടെ നഷ്ടപ്പെടുത്തിയ കോടികളാണ് ഉപയോഗശൂന്യമായത്.
പയ്യന്നൂരിലെ സഹകരണ സ്ഥാപനം കൂടിയ വിലയ്ക്ക് ഭൂമി വാങ്ങിയതിലൂടെ കോടികള്‍ നഷ്ടപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നതാണ്. 2011ല്‍ സെന്റിന് നാലുലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ വാങ്ങിയ സ്ഥലം ആറുവര്‍ഷത്തിന് ശേഷം 2017 ഒക്ടോബറില്‍ സെന്റിന്18.75 ലക്ഷം രൂപയ്ക്കാണ് സഹകരണ സ്ഥാപനം വാങ്ങിയത്.
തൊട്ടടുത്തുള്ള അഞ്ചുസെന്റ് സ്ഥലം സെന്റിന് 3.4 ലക്ഷം രൂപയ്ക്ക് വില്പന നടന്നപ്പോഴാണ് ഇത്രയും തുക കൊടുത്ത് സ്ഥലം വാങ്ങിയതെന്നും തണ്ണീര്തടത്തില്പ്പെട്ട സ്ഥലമാണതെന്നതുമായിരുന്നു ആരോപണം. ഇത്രയും അധികതുകയ്ക്ക് ഒരേക്കറോളം സ്ഥലം വാങ്ങിയതിലൂടെ കോടികളുടെ അഴിമതി നടന്നതായും പയ്യന്നൂരിലെ ചില റിയല്‍ എസ്റ്റേറ്റുകാരുടെ ഒത്താശയോടെയാണ് ഈ സ്ഥലമിടപാട് നടത്തിയതെന്നുമായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.
ഡാറ്റാ ബാങ്കില്‍പ്പെട്ട സ്ഥലമായതിനാല്‍ കെട്ടിടനിര്‍മാണത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഇതിനായി മുടക്കിയ പണം ഡെഡ്മണിയായി കിടക്കുകയാണെന്നും കച്ചവടമുറപ്പിക്കാനായി ഇടയ്ക്കുനിന്നവര് കോടികളാണ് അടിച്ചുമാറ്റിയതെന്നും കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
എന്നാല്‍, ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ് തള്ളിയ പാര്‍ട്ടി നേതൃത്വമാണ് കുഞ്ഞികൃഷ്ണന്റെ തെളിവുകളുള്‍പ്പെടെ നിരത്തിയുള്ള വെളിപ്പെടുത്തലില്‍ വെട്ടിലായത്. ഇതിനെ ന്യായീകരിക്കാനായി ശ്രമിക്കുന്ന നേതൃത്വം 2017ല്‍ വാങ്ങിയ സ്ഥലം ഇത്രയും കാലമായിട്ടും ഉപയോഗപ്പെടുത്താനാകാത്തതിന്റെ കാരണം കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്ന ആവശ്യമുയരുന്നുണ്ട്. സഹകരണ സ്ഥാപനത്തിന്റെ പണം കീശയിലാക്കിയവരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒത്താശ ചെയ്തതായുള്ള ആരോപണമാണ് ഇപ്പോള്‍ ശക്തി പ്രാപിക്കുന്നത്.
District News
തലശേരി: സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ എസ്എംവൈഎം ഗ്ലോബൽതല നിയമാവലി പരിഷ്കരണ കമ്മിറ്റിയുടെ സെക്രട്ടറിയായി കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കരയെ തെരഞ്ഞെടുത്തു.
സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ പീറ്റർ കൊച്ചുപുരയിൽ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ തലത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നിയമാവലി കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് പുതിയ കമ്മിറ്റിയുടെ ചുമതല. പാലാ രൂപതാംഗം ഫാ. മാണി കൊഴുപ്പൻകുറ്റിയാണ് കമ്മിറ്റിയുടെ കൺവീനർ.
District News
ഇരിട്ടി: പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റയിലും ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയിലും മട്ടിണിയിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടതായി പ്രദേശവാസികൾ. ഇതോടെ മേഖലയിലും സമീപപ്രദേശങ്ങളിലും പുലി ഭീതി നിലനിൽക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയാണ് പേരട്ടയിലെ ശാന്തിമുക്കിൽ സ്കൂൾ വിദ്യാർഥി പുലിയെ കണ്ടതായി പറയുന്നത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഉമ്മയുടെ അടുത്തേക്ക് പോകുമ്പാഴാണ് വിദ്യാർഥി പുലിക്ക് മുന്നിൽ പെട്ടത്. ഇവിടങ്ങളിൽ അധികം കർഷകരും രാത്രിയിൽ ടാപ്പിംഗ് നടത്തുന്നവരാണ്.
സമീപത്തെ റബർ തോട്ടത്തിലൂടെ വന്ന പുലി റോഡിലേക്ക് ചാടുമ്പോൾ കുട്ടി പുലിക്ക് മുന്നിൽ പെടുകയായിരുന്നു. ഒരു നിമിഷം തിരിഞ്ഞു നിന്ന പുലി എതിർവശത്തെ തോട്ടത്തിലേക്ക് കയറിപോയതായാണ് വിദ്യാർഥി പറയുന്നത്. പ്രാണരക്ഷാർത്ഥം തിരിഞ്ഞോടിയ വിദ്യാർഥി സമീപത്തെ ഓട്ടോ ഡ്രൈവർ ബെന്നിയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.പുലിയെ കണ്ട് ഭയന്നുപോയ വിദ്യാർഥിക്ക് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വീട്ടിലേക്ക് ഓടിക്കയറി എത്തിയതെന്നാണ് ബെന്നി പറയുന്നത്.
ഉളിക്കൽ പഞ്ചായത്തിലെ കോളിത്തട്ട് മട്ടിണി റോഡിൽ രണ്ട് ദിവസം മുന്‍പാണ് ബൈക്ക് യാത്രക്കാർ പുലിയെ കണ്ടതായി പറയുന്നത്. പുലി റോഡ് മുറിച്ച് കടന്നുപോകുന്ന പോകുമ്പോഴാണ് ബൈക്ക് യാത്രക്കാർ ഇതുവഴി എത്തിയത്. വെളിച്ചം കണ്ടതും പുലി അടുത്ത കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നാണ് ഇവർ പറയുന്നത്. സംഭവ സ്ഥലത്ത് ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഷിജി മംഗലത്ത്കരോട്ട് , വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി. പഞ്ചായത്തംഗം നിഷ ഉരപ്പാൻകുഴിയിൽ എന്നിവർ സന്ദർശിച്ചു.
പായം പഞ്ചായത്തിലെ നിരങ്ങൻചിറ്റ മേഖലയിൽ നാലാം തവണയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് പ്രദേശവാസി വീണ്ടും പുലിയെ കണ്ടത് .നിരങ്ങൻചിറ്റ മെയിൻ റോഡിലാണ് പുലിയെ കണ്ടതായി പറയുന്നത് . കഴിഞ്ഞ ദിവസം വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇവിടെ സംയുകത തെരച്ചിൽ നടത്തിയിരുന്നു. കുറുക്കന്റെ ജഡം അല്ലാതെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന യാതൊന്നും കണ്ടെത്തിയില്ല എന്നായിരുന്നു വനം വകുപ്പിന്റെ സ്ഥിരീകരണം.
കരിയംകാപ്പിൽ വന്യ ജീവി വളർത്തു നായയെ ആക്രമിച്ചു
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ വന്യ ജീവി വളർത്ത് നായയെ അക്രമിച്ചു. ആറാട്ട് കുളം റോയിയുടെ വീട്ടിലെ വളർത്ത് നായയെയാണ് വന്യജീവി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കടുവ നായയെ വിട്ട് ഓടിപ്പോയതായി റോയി പറയുന്നു. ആനമതിൽ കടന്നെത്തിയ കടുവ ചീങ്കണ്ണിപ്പുഴയിലേക്ക് മടങ്ങിപ്പോവുകയും പുലരും വരെ മുരളുകയും ചെയ്തതായി റോയി പറയുന്നു. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നായയെ കടിച്ചത് കടുവയല്ലെന്നും പുലിയോ പുലിയുടെ വർഗത്തിൽ പ്പെട്ട മറ്റേതെങ്കിലും ജീവിയോ ആകാനാണ് സാധ്യതയെന്നും പറഞ്ഞു.
District News
കണ്ണൂർ: കേരളത്തിലെ 80 ശതമാനത്തോളം വിദ്യാർഥികളും നഗര ഗ്രാമീണ വ്യത്യാസമില്ലാതെ ആശ്രയിക്കുന്നത് സ്വാശ്രയ കോളജുകളെയാണെന്നും അവയെ തകർക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്നും മേയർ പി. ഇന്ദിര. സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷൻ (കെഎസ്എംഎ) നടത്തിയ സ്വാശ്രയ കോളജ് സംരക്ഷണ ധർണ കണ്ണൂർ സർവകലാശാലയ്ക്കു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ.
അടിസ്ഥാന സൗകര്യത്തിലും കലാകായികരംഗത്തും പഠന പാഠ്യേതര രംഗത്തും വളരെ മികച്ചു നില്ക്കുന്ന സ്ഥാപനങ്ങളാണ് സ്വാശ്രയ കോളജുകൾ. അതോടൊപ്പം ഓട്ടോണമസ് മേഖലയിലേക്കും പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലേക്കും ഉയരാൻ തക്കവണ്ണം പ്രാപ്തി നേടിയ സ്ഥാപനങ്ങൾ കൂടിയാണ് സ്വാശ്രയ കോളജുകളെന്ന് മേയർ പറഞ്ഞു.
യോഗത്തിൽ പ്രസിഡന്റ് എംപിഎ റഹീം അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുൽ ഹമീദ്, സച്ചിൻ സൂര്യകാന്ത മകേച്ച, പി.വി. സൈനുദ്ദീൻ, ബാലകൃഷ്ണൻ പെരിയ, സി. അനിൽകുമാർ ഫാ. ജോയ്, രാജൻ സി പെരിയ എന്നിവർ പ്രസംഗിച്ചു.
കോളജുകൾക്ക് അഫിലിയേഷൻ നൽകാതേയും അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാതേയും മുന്നോട്ട് പോകുകയാണെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്‍കാനാണ് സംഘടനയുടെ തീരുമാനം.
District News
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ. സി.എസ്. നിജിൽ (20) ആണ് 500 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലാകുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൾ അഷ്റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. കേരള എടിഎസിന്റെ സഹായവും ലഭിച്ചിരുന്നു. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായി ഹാഷിഷ് ഓയിൽ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് നിജിലെന്ന് എക്സൈസ് പറഞ്ഞു.
പിടികൂടിയ എക്സൈസ് സംഘത്തിൽ അസി. ഇസ്പെക്ടർ(ഗ്രേഡ്) മാരായ ആർ.പി. അബ്ദുൾ നാസർ, പി.കെ. അനിൽകുമാർ, പി. പ്രമോദ്, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) കെ. ഉമേഷ് , സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു, എം.വി. ശ്യാം രാജ്, എം.വി. സുജേഷ്, വി.കെ. സായൂജ്, സനൽ, വുമൺ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവരും ഉണ്ടായിരുന്നു.
District News
തലശേരി: വിവാഹവീട്ടിൽനിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. കതിരൂർ ദാറുൽ ജമീലിലെ കെ. മിൽജാദിനെ(29)യാണ് തലശേരി പ്രിൻസിപ്പൽ എസ്ഐ പി.പി. ഷമീലിന്റെ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്.
തലശേരിയിലെ ഒരു വിവാഹ വീട്ടിലെത്തിയ 12 വയസിൽ താഴെയുള്ള ബാലികമാരാണ് പീഡനത്തിനിര യായത്. കുട്ടികളെ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് പെൺകുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
എന്നാൽ പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയിൽ എത്തിയയാളാണ് പീഡനത്തിന് പിറകിലെന്ന സൂചനയെത്തുടർന്ന് ഓട്ടോറിക്ഷകൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കുറ്റാരോപിതനെ പോലീസ് മർദിച്ചുവെന്ന പരാതി കുറ്റാരോപിതന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു.
District News
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപകന്‍ എം.ജെ. ജോര്‍ജ്, ക്ലാര്‍ക്ക് എം.സി. രാജീവ് എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്പി കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു.
കോര്‍പറേറ്റ് മാനേജര്‍ റവ. ഡോ. സോണി വടശേരി അധ്യക്ഷത വഹിച്ചു.
പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍. ജെസി ഉപഹാരസമര്‍പ്പണം നടത്തി. മോട്ടിവേഷന്‍ സ്പീക്കര്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എബി മാത്യു, പായം പഞ്ചായത്തംഗം ജമീല നാസര്‍, ബെന്നി പുതിയാംമ്പുറം, പി.കെ. ബാബു, ബിജു കുറുമുട്ടം, രാജി കുര്യന്, ശുഭ ജോസ്, ഷൈന്‍ ജേക്കബ്, കൃഷ്ണേന്ദു, സ്റ്റാഫ് സെക്രട്ടറി ഷീന അഗസ്റ്റിന് എന്നിവര്‍ പ്രംസഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.
District News
തലശേരി: പാനൂർ പൂക്കോത്ത് വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അഞ്ചു പേർക്കെതിരേ പോലീസ് കേസെടുത്തു. പൂക്കോം ലൗഷോറിന് സമീപമായിരുന്നു സംഭവം.
പാനൂർ സ്വദേശി കാമ്പ്രത്ത് വൈഷ്ണവിനെയും(24) സുഹൃത്തുകളെയും ആക്രമിച്ചതിന് പൂക്കോം പന്ന്യന്നൂർ സ്വദേശികളായ കൊയ്യോത്തി വിസ്മയ്, പുല്ലായികണ്ടിയിൽ വിഷ്ണു, ചാത്താണ്ടിയിൽ സായന്ത്, അമ്പിളി റംഷിത്ത് , പുല്ലായികണ്ടി സുനിത്ത് എന്നിവർക്കെതിരേയാണ് വൈഷ്ണവിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്തത്.
വാഹനാപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ട സംഭവം ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണ ത്തിൽ കലാശിച്ചതെന്ന് പറയുന്നു. ഇതിനിടെ പൂക്കോം സ്വദേശി മുഹമ്മദ് ആസിഫിനെ മർദിച്ചെന്ന പരാതിയിലും സായന്തിനെതിരെ ചൊക്ലി പോലീസ് കേസെടുത്തു. ആസിഫ് വീട്ടിൽ നിന്നും കാറുമായി റോഡിലേക്കിറങ്ങുന്നതിനിടെ സായന്തും സംഘവും സഞ്ചരിച്ച കാർ ആസിഫിന്റ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതോടെ മർദിച്ചെന്നാണ് പരാതി.
District News
തൊണ്ടിയിൽ: നവതിയുടെ നിറവിലെത്തിയ സെന്റ് ജോൺസ് യുപി സ്കൂളിന്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും കോർപറേറ്റ് മാനേജർ റവ. ഡോ. സോണി വടശേരിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. പൂർവികരുടെ സ്മരണാർഥം നെക്രോളജി സംഘടിപ്പിച്ചു.
പൂർവ വിദ്യാർഥിയും പ്രശസ്ത ഫിലിം എഡിറ്ററുമായ രഞ്ജൻ ഏബ്രഹാം സുവനീർ പ്രകാശനം നടത്തി. പൂർവ വിദ്യാർഥിയും മുൻ ഐജിയുമായ ജോസ് ജോർജ് സന്ദേശം നൽകി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പ്രതിഭകളെ ആദരിച്ചു.
ഇരിട്ടി എഇഒ സി.കെ. സത്യൻ മുഖ്യാഥിതിയായിരുന്നു. സർവീസിൽ നിന്ന് വിരമിക്കുന്ന ബീന ജോസഫ് മറുപടി പ്രസംഗം നടത്തി. ജില്ലാ പഞ്ചായത്തംഗം ജയ്സൺ കാരക്കാട്ട്, കെ.എ. രജീഷ്, ലിസമ്മ ജോസഫ് മംഗലത്ത്, ആഷാ മാത്യു, സണ്ണി സിറിയക്ക് പൊട്ടങ്കൽ, കെ. നിഷാന്ത്, ഒ. മാത്യു, വിനോദ് നടുവത്താനി, ബിന്ദു കൃഷ്ണ, അതുൽ കൃഷ്ണ, സ്കൂൾ മുഖ്യാധ്യാപകൻ മാത്യു ജോസഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈൻ എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.
നവതി ആഘോഷത്തോടനുബന്ധിച്ച് 90 അമ്മമാരും കുട്ടികളും അണിനിരന്ന മെഗാ തിരുവാതിര സംഘടിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ ജൂബിലി ചാക്കോ, റാണി ടോമി, ബേബി സോജ, കെ.കെ. സ്മിത, സ്റ്റാഫ് സെക്രട്ടറി ജിൻസി ജോസ് എന്നിവർ പ്രസംഗിച്ചു. മദർ പിടിഎയും അധ്യാപകരും പരിപാടിക്കു നേതൃത്വം നൽകി.
ഇന്നു രാവിലെ പത്തു മുതൽ ഗുഡ് എർത്ത് ചെസ് കഫെയിലും, യുപി സ്കൂളിലുമായി സ്പോർട്സ് എക്സിബിഷൻ നടക്കും.അന്തരിച്ച കളരിക്കൽ ദേവസ്യാ ( ബേബി, പേരട്ട ) യുടെ ശേഖരത്തിൽ ഉണ്ടായിരുന്ന 200 ഓളം രാജ്യങ്ങളുടെ സ്റ്റാമ്പുകളും കറൻസികളും നാണയങ്ങളും പ്രദർശനത്തിൽ ഉണ്ടാകും.
District News
ചപ്പാരപ്പടവ്: ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിലെ എളമ്പേരംപാറയിൽ കിൻഫ്രാ കോമ്പൗണ്ടിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കിവിട്ടതിനു സോഫ്റ്റ് ഡ്രിങ്ക്സ് നിർമാണ കമ്പനിയായ നാറ്റ ന്യൂട്രിക്കാ കോക്കനട്ട് പ്രോഡക്ടസ് എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
സ്ഥാപനത്തിന്റെ ഉള്ളിൽ ജെല്ലി കഴുകിയ ശേഷമുള്ള മലിനജലം തറയിൽ കെട്ടിക്കിടന്നു ഭിത്തി വഴി ലീക്ക് ചെയ്ത് പിന്നിലെ പൊതുറോഡിലെ ചാലിലൂടെ ഒഴുക്കി പോകുന്നതായാണ് കണ്ടെത്തിയത്. ഇത് പ്രദേശത്ത് ദുർഗന്ധം പരത്തുന്നതായും മലിനജലം ചാൽ വഴി പൊതുറോഡിന് വശത്ത് കൂടെ ഒഴുകി താഴെ സ്ഥിതി ചെയ്യുന്ന ഗ്രൗണ്ടിൽ കെട്ടിക്കിടക്കുന്നതായും വിശദമായ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
കൂടാതെ, സ്ഥാപനത്തിന്റെ മലിനജലടാങ്ക് ഓവർഫ്ലോ ചെയ്തു മലിനജലം തത്സമയം ടാങ്കിൽനിന്ന് പുറംതള്ളുന്നത് സ്ക്വാഡിന്റെ ശ്രദ്ധയിൽപ്പെട്ടു. പിഴയ്ക്കു പിന്നാലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാൻ ഉടൻ തന്നെ നടപടികൾ സ്വീകരിക്കാനും സ്ക്വാഡ് നിർദേശം നൽകി. കിൻഫ്രാ കോമ്പൗണ്ടിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇക്കോ സ്റ്റിക്ക്സ് എന്ന സ്ഥാപനത്തിൽനിന്നും മാലിന്യങ്ങൾ കൂട്ടിയിട്ടതിന് 5000 രൂപ പിഴ ഈടാക്കി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി. പി.അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, ചപ്പാരപ്പടവ് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
District News
പയ്യന്നൂര്‍: പ്രകടനമായെത്തി വാഹനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മറ്റും മാര്‍ഗതടസം സൃഷ്ടിച്ച കുറ്റത്തിന് 209 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. കോറോം സ്വദേശി പനക്കീല്‍ ബാലകൃഷ്ണന്, കുഞ്ഞിമംഗലത്തെ മോഹനന്, പഴയങ്ങാടിയിലെ സനല്‍ തുടങ്ങിയ ഒന്പതുപേര്ക്കെതിരേയും മറ്റു കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നരയോടെ പയ്യന്നൂര്‍ എംഎല്‍എ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചും പൊതുജനങ്ങള്‍ക്കും മറ്റും മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.
District News
തളിപ്പറമ്പ്: നട്ടെല്ലിന് താഴെ എല്ലുകൾക്കിടയിൽ രൂപപ്പെട്ട മുഴ നീക്കം ചെയ്യുന്നതിന് യുവാവ് കാരുണ്യമ തികളുടെ സഹായം തേടുന്നു. പട്ടുവം കാവുങ്കൽ ഖാദി യൂണിറ്റിന് സമീപത്തെ ഷിനോയ് (സേവ്യർ ഫിലിപ്സ്-43) ആണ് ഉദാരമതികളുടെ കാരുണ്യം തേടുന്നത്.
മുഴ നീക്കം ചെയ്യുന്നതിന് 11 മണിക്കൂറോളം നീളുന്ന ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഷിനോയ് ചികിത്സയിൽ കഴിയുന്ന കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തോളും രൂപ ചെലവ് വരും. കൂലിപ്പണിക്കാരനായ ഷിനോയിയുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. ഷിനോയിയുടെ ചികിത്സയ്ക്കായി ധനസമാഹരണത്തിന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി രണ്ടിനകം തുക എത്തിച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൃദയപൂർവം എന്ന പേരിൽ പട്ടുവം നന്മ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ളചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ദിവാകരൻ, ഇടവക വികാരി ഫാ. മാർട്ടിൻ രായപ്പൻ, ഡിഎസ്എസ് കോൺവെന്റ്റ് സിസ്റ്റർമാർ എന്നിവർ രക്ഷാധികാരികളായാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ചികിത്സാ സഹായം സ്വരൂപിക്കാനായി കേരള ഗ്രാമീൺ ബാങ്ക് പട്ടുവം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 40645101067659, ഐഎഫ്എസ്സി കോഡ് കെഎൽജിബി 0040645. ഗൂഗിൾപേ: 8281547703.
District News
ശ്രീകണ്ഠപുരം: കോവിഡ് കാലത്ത് നിർത്തലാക്കിയ മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവുകൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും, തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഈടാക്കുന്ന വൻതുക നിർത്തലാക്കണമെന്നും കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് -എം)- ശ്രീകണ്ഠ പുരം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റെയിൽവേ ഈടാക്കുന്ന തുക സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഭാരമാണ്.
കൺഫേമായ തത്ക്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാത്ത സാഹചര്യവും (സീറോ റീഫണ്ട്), വലിയ തുക ക്യാൻസലേഷൻ ചാർജ് ആയി ഈടാക്കുന്നതും റെയിൽവേയുടെ പകൽക്കൊള്ളയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവരെ പിഴിഞ്ഞു പണമുണ്ടാക്കുന്ന ഈ രീതി അടിയന്തരമായി അവസാനിപ്പിക്കണം. അലക്സാണ്ടർ ഇല്ലികുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു. വി.വി. സേവി, മാത്യു ചെറുചിലമ്പിൽ, ജോബി മാത്യു, ബോബി ഇളംപ്ലാശേരി, ജോസഫ് കൂനാനി, രോഹൻ പൗലോസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി പ്രസിഡന്റായി മാത്യു ചെറുചിലമ്പിലിനെയും, സെക്രട്ടറിയായി ബോബി ഇളംപ്ലാശേരിയെയും യോഗം തെരഞ്ഞെടുത്തു.
District News
കണ്ണൂർ: രക്തസാക്ഷി ഫണ്ട് പോലും വെട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ അഴിമതിക്കും ജനാധിപത്യ രീതിയിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരേയുണ്ടായ ഗുണ്ട ആക്രമണ ത്തിലും പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നാളെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യഗ്രഹ സമരം നടക്കും.
രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സത്യാഗ്രഹം കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നടത്തിയ വെട്ടിപ്പും റിയൽ എസ്റ്റേറ്റ് മാഫിയ പ്രവർത്തനങ്ങളും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനാണ് തുറന്നു പറഞ്ഞത്.
പൊതുജനങ്ങളിൽ നിന്നും പിരിച്ചെടുത്ത സംഭാവനയ്ക്ക് പാർട്ടിക്കകത്തല്ലാതെ പുറത്താരോടും കണക്ക് പറയേണ്ട കാര്യമില്ല എന്ന ധാർഷ്ട്യത്തോടെയുള്ള പ്രതികരണമാണ് ഈ വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയത്. സിപിഎം ആക്രമത്തിനും അഴിമതിക്കുമെതിരേ ജനമനസാക്ഷി ഉണർത്താൻ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നതെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
District News
ചെങ്ങളായി: കേരള സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷയിൽ നൂറുശതമാനം വിജയം കരസ്ഥമാക്കിയ ചെങ്ങളായി പഞ്ചായത്തിലെ പത്താമുദയം പഠിതാക്കൾക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 35 പേരാണ് ഉന്നത വിജയം കരസ്ഥമാക്കിയത്. 72 വയസ് വരെ പ്രായമുള്ളവരും ഇതിൽ ഉൾപ്പെടും. പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സി. അമ്മുക്കുട്ടി, പി.വി. രാജൻ, എം.വി. ബിന്ദു, സാക്ഷരതാ മിഷൻ റിസോഴ്സ് പേഴ്സൺ കെ.വി. ജനാർദനൻ, കെ.എം. ശോഭന, സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ, സാക്ഷരതാ പ്രേരക് എം.വി. രജനി എന്നിവർ പ്രസംഗിച്ചു.
പഠിതാക്കളായ പി. ലീല, സി. ചന്ദ്രമതി എന്നിവർ മറുപടി പ്രസംഗം നടത്തി.
District News
മയ്യിൽ: നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി. കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പോലീസിൽ പരാതി നൽകി.
District News
കാഞ്ഞങ്ങാട്: ഡിസംബർ മാസത്തിൽ രാത്രികാലങ്ങളിലുണ്ടായ കഠിനമായ തണുപ്പും പകൽനേരത്തെ കൊടുംചൂടും ഒത്തുചേർന്ന കാലാവസ്ഥ തീരദേശ മേഖലയിൽ ഇത്തവണ മാവും പ്ലാവും പതിവിലുമധികം പൂവിടാൻ വഴിയൊരുക്കി.
ഇതുവരെ പൂവിടാതിരുന്ന മാവുകൾ പോലും ഇക്കൊല്ലം പൂത്തു. പ്ലാവുകളിലും കുഞ്ഞുകായ്കൾ വിരിഞ്ഞു. അതേസമയം, മലയോരമേഖലയിൽ തണുപ്പും ചൂടും തമ്മിൽ അത്ര വലിയ അന്തരമില്ലാതിരുന്നതും മിക്കയിടങ്ങളിലും കാലംതെറ്റി പെയ്ത മഴയും ഈവർഷം ഉത്പാദനം താരതമ്യേന കുറയാനിടയാക്കുമെന്ന നിലയാണ്.
വലിയ തണുപ്പും ചൂടും മാറിമാറിവരുന്ന കാലാവസ്ഥ ഫലവൃക്ഷങ്ങളെ പൂവിടാൻ സഹായിക്കുന്ന ഹോർമോണിന്റെ അളവിൽ വർധനയുണ്ടാക്കുമെന്ന് കാർഷിക ശാസ്ത്രജ്ഞർ പറയുന്നു. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശവും രാത്രികാലത്തെ തണുപ്പും പകൽനേരത്തെ വെയിലും മാവുകളിൽ ഫ്ലവറിംഗ് ഹോർമോണിന്റെ ഉദ്പാദനം വർധിപ്പിക്കുന്നതാണെന്ന് കൃഷിശാസ്ത്രജ്ഞനും കേരള കാർഷിക സർവകലാശാലയിലെ മുൻ അധ്യാപകനുമായ ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു.
പകൽസമയത്തെ കനത്ത ചൂടിൽ അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നത് പൂപ്പൽ ബാധ കുറയ്ക്കാനും വഴിയൊരുക്കുന്നു. ഇത് മാവിലും പ്ലാവിലും കായ്കൾ കൂടുതലായി വളർന്നുവരാൻ അനുകൂലമായ സാഹചര്യമാണ്.
അതേസമയം, മലയോരത്ത് കഴിഞ്ഞമാസം പകൽനേരത്തും അത്ര വലിയ ചൂടില്ലാതിരുന്നതും ഇടയ്ക്കിടെ പെയ്ത മഴയുമാണ് ഉത്പാദനം കുറയാൻ കാരണമാക്കിയതെന്നാണ് സൂചന. എങ്കിലും മഴ മാറി അന്തരീക്ഷം തെളിഞ്ഞതോടെ ഇപ്പോൾ പലയിടങ്ങളിലും മാവുകൾ പൂത്തു തുടങ്ങിയിട്ടുണ്ട്.
മാങ്ങയുടെ കാര്യത്തിൽ കണ്ണിമാങ്ങാക്കാലം മുതൽ അച്ചാറിടുന്നതിനും പഴുത്ത മാങ്ങയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനും പലയിടങ്ങളിലും പ്രാദേശികതലത്തിൽ സ്വയംസഹായ സംഘങ്ങളുൾപ്പെടെ സജീവമായതിനാൽ വെറുതേ നശിച്ചുപോകുന്നത് താരതമ്യേന കുറവാണ്. എന്നാൽ, ചക്ക കൂടുതലായി വിളഞ്ഞാലും കൃത്യമായി പറിച്ചെടുക്കുന്നതിനോ ഉപയോഗപ്പെടുത്തുന്നതിനോ സംവിധാനമില്ലാതെ മഴക്കാലം തുടങ്ങുമ്പോഴേക്കും എല്ലാം വീണടിയുന്ന നിലയാണ് മുൻവർഷങ്ങളിലുണ്ടായത്.
കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും ഭാഗത്തുനിന്ന് പ്രഖ്യാപനങ്ങൾ ഏറെയുണ്ടാകുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നത് വളരെ കുറവാണ്. ഇത്തവണയെങ്കിലും ബന്ധപ്പെട്ടവർ കാലേകൂട്ടി തയാറെടുപ്പുകൾ നടത്തി അതിനൊരു മാറ്റമുണ്ടാക്കുമോ എന്നാണ് കർഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
District News
കാസര്‍ഗോഡ്: കേരളത്തിലേക്ക് വന്‍തോതില്‍ ഗോവന്‍ മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനെ കുമ്പള എക്സൈസ് കര്‍ണാടകയിലെ ഹൊന്നാവറില്‍ നിന്നും സാഹസികമായി പിടികൂടി.
കര്‍ണാടക കാര്‍വാര്‍ സ്വദേശി രാധാകൃഷ്ണ എസ്. കമ്മത്താണ് (61) അറസ്റ്റിലായത്. 2023ല്‍ മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ 2484 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് രാധാകൃഷ്ണ. കാസര്‍ഗോഡ് കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെതുടര്‍ന്ന് ദീര്‍ഘനാളായി ഒളിവിലായിരുന്നു.
എക്സൈസ് നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവില്‍ ഹൊന്നാവര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇന്‍സ്പെക്ടര്‍ കെ.വി. ശ്രാവണും സംഘവും പ്രതിയെ വീടിനു മുന്നില്‍ വച്ച് പിടികൂടിയത്. ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതില്‍ മുഖ്യ കണ്ണിയാണ് ഇയാള്‍.
അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി. മനാസ്, എം.വി. ജിജിന്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം. അഖിലേഷ്, ഡ്രൈവര്‍ പി. പ്രവീണ്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
District News
കാസര്‍ഗോഡ്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ നാടകീയരംഗങ്ങള്‍. ഇന്നലെ വൈകുന്നേരം 5.30ഓടെയാണ് സംഭവം.
കാസര്‍ഗോഡ് മുളിയാര്‍ സ്വദേശിയായ യുവാവും ബന്ധുവായ സ്ത്രീയും അവരുടെ രണ്ടു പെണ്മക്കളും ആറുമാസം പ്രായമായ കുഞ്ഞും അടങ്ങിയ സംഘം കാറില്‍ കുമ്പള ടോള്‍ പ്ലാസയിലെത്തിയപ്പോള് ഫാസ്റ്റ് ടാഗ് വഴി ടോള്‍ തുക ഈടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബാരിയര്‍ ബൂം ഉയരുകയും യുവാവ് വണ്ടിയെടുക്കുകയും ചെയ്തു. എന്നാല്‍, ബാരിയര്‍ ബൂം വീണ്ടും കാറിന്റെ വിന്‍ഡ് സ്ക്രീനിലേക്ക് വീണു.
യുവാവ് ഇതേത്തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരോട് കയര്‍ത്തു. ജീവനക്കാര്‍ ഹിന്ദിക്കാരായതിനാല്‍ യുവാവ് എന്താണ് പറയുന്നതെന്ന് അവര്‍ക്ക് മനസിലാകാത്തതിനാല് തര്‍ക്കം ഏറെനേരം നീണ്ട് പ്ലാസയില്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തുടര്‍ന്ന് കുമ്പള പോലീസെത്തി യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ നിന്നും വലിച്ചിറക്കി പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. യുവാവിനെ പിന്നീട് വിട്ടയച്ചു.
District News
രാജപുരം: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും രാഷ്ട്ര പിതാവിന്റെ പേരു വെട്ടി മാറ്റുകയും പദ്ധതി തകർക്കും വിധത്തിൽ അതിന്റെ ഘടന പോലും മാറ്റുന്ന രീതിയിൽ പുതിയ നയം നടപ്പിലാക്കുന്നതിലും കൃത്യമായി വേതനം നൽകാത്തതിലും പ്രതിഷേധിച്ച് മഹിള കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജപുരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. സൈമൺ, ഐഎൻടിയു സി ജില്ലാ ട്രഷറർ എം.കെ. മാധവൻ നായർ, ടി.കെ. നാരായണൻ, ബി. രമ, പി. ഗീത, സി. രേഖ, പ്രേമ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: കാലാവസ്ഥാ വ്യതിയാനങ്ങളും വിപണിയിലെ മാറ്റങ്ങളും സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കിടയിൽ സംസ്ഥാനത്തെ കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിനായി കാര്യക്ഷമമായ സാങ്കേതികവത്കരണം നടപ്പിലാക്കണമെന്ന് കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെഎടിഎസ്എ ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസീലിയന്റ് അഗ്രി-വാല്യൂ ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതി അഭിനന്ദനാർഹമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ബിജുരാജ് ഉദ്ഘാടനം ചെയ്തു. കെഎടിഎസ്എ സംസ്ഥാന പ്രസിഡന്റ് പി. ധനുഷ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. സിന്ധു അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ, പ്രസിഡന്റ് ജി. സുരേഷ് ബാബു, സംസ്ഥാന കൗൺസിൽ അംഗം എസ്.എൻ. പ്രമോദ്, പ്രസാദ് കരുവളം. എ.വി. രാധാകൃഷ്ണൻ, പി.പി. കപിൽ, കെ. രതീഷ് എന്നിവർ പ്രസംഗിച്ചു.
കൃഷി അസിസ്റ്റന്റുമാരുടെ റേഷ്യോ പ്രമോഷൻ 1:1:1 അനുപാതത്തിൽ നടപ്പിലാക്കണമെന്നും എല്ലാ കൃഷിഭവനുങ്ങളിലും അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസറുടെയും രണ്ടുവീതം അഗ്രികൾച്ചറൽ അസിസ്റ്റന്റുമാരുടെയും തസ്തികകൾ സൃഷ്ടിക്കണമെന്നും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷൻ, എഫ്ഐബി, ഫാമുകൾ എന്നീ സ്ഥാപനങ്ങളിൽ കൂടി അസി. കൃഷി ഓഫീസർ തസ്തിക അനുവദിക്കണമെന്നും പൊതു സ്ഥലംമാറ്റത്തിന് സ്വതന്ത്ര സോഫ്റ്റ്വേർ നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. കൃഷി ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച എ.വി. രാധാകൃഷ്ണൻ, കേരള സിവിൽ സർവീസ് പവർ ലിഫ്റ്റിംഗ് ജേതാവ് പി.വി. മുരളീകൃഷ്ണ ദാസ് എന്നിവരെ അനുമോദിച്ചു. ഭാരവാഹികൾ: പി.വി. മുരളി കൃഷ്ണദാസ്-പ്രസിഡന്റ്, പി.പി. കപിൽ-സെക്രട്ടറി, എ. പദ്മനാഭൻ-ട്രഷറർ.
District News
കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട റീന തോമസിനും സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്തംഗവും സ്ഥിരംസമിതി ചെയർമാനുമായിരുന്ന ഷിനോജ് ചാക്കോയ്ക്കും കേരള കോൺഗ്രസ്- എം ജില്ലാ കമ്മിറ്റി യോഗത്തിൽ ആദരം. റീന തോമസിനെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യനും ഷിനോജ് ചാക്കോയെ സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിലും കള്ളാർ പഞ്ചായത്ത് മുൻ അംഗം ജോസ് പുതുശേരികാലായിലിനെ മുതിർന്ന നേതാവ് ജേക്കബ് കാനാട്ടും പൊന്നാടയണിച്ച് ആദരിച്ചു.
കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ആദ്യമായി പാർട്ടിക്ക് പ്രാതിനിധ്യം നേടിയെടുക്കുകയും അഞ്ചുവർഷത്തെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ വിജയം ആവർത്തിക്കാൻ വഴിയൊരുക്കുകയും ചെയ്ത ഷിനോജ് ചാക്കോയെ അഭിനന്ദിച്ചു. എൽഡിഎഫിന്റെ കേരള യാത്രയ്ക്ക് ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നൂറുകണക്കിന് കേരള കോൺഗ്രസ്- എം പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്തും.
കെ.എം. മാണിയുടെ ജന്മദിനമായ ജനുവരി 30 ഈ വർഷവും കാരുണ്യ ദിനമായി ആചരിക്കും. അന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ, സെക്രട്ടറിമാരായ ബിജു തുളുശേരി, സിജി കട്ടക്കയം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ രാഘവ ചേരാൽ, ടിമ്മി എലിപുലിക്കാട്ട്, ജോസ് ചേന്നാക്കാട്ട്കുന്നേൽ, മണ്ഡലം പ്രസിഡന്റുമാരായ തങ്കച്ചൻ വടക്കേമുറി, ടോമി വാഴപ്പിള്ളി, ജോയി തടത്തിൽ, ടോമി ഇഴറാട്ട്, ബേബി പുതുമന, മാത്യു കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
District News
മണ്ഡപം: വൈഎംസിഎ മണ്ഡപം യൂണിറ്റ് ഉദ്ഘാടനം റിട്ട. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെ.ബി. കോശി നിര്‍വഹിച്ചു. ഏഷ്യ പസഫിക് എക്സിക്യുട്ടീവ് ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. സിവിക്കുട്ടി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. റവ.ഡോ. മാണി മേല്‍വെട്ടം അനുഗ്രഹപ്രഭാഷണം നടത്തി. കമ്യൂണിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനം ഫാ. വര്‍ഗീസ് ചെരിയംപുറത്ത് നിര്‍വഹിച്ചു.
സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, സജി ഓതറുക്കുന്നേല് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികള്‍: സിവിക്കുട്ടി വര്‍ഗീസ്- പ്രസിഡന്റ്, സജി ഒതുകുന്നേല്- സെക്രട്ടറി, കെ.ജെ. തോമസ് കളമ്പുകാട്ട്- ട്രഷറര്‍, സജിനി ഷൈന്വില്ല- വൈസ്പ്രസിഡന്റ്, സോണിയ പൂച്ചാലില്‍- ജോയിന്റ് സെക്രട്ടറി.
District News
കാഞ്ഞങ്ങാട്: വില്യം ഷേക്സ്പിയറുടെ വിഖ്യാത കഥാപാത്രമായ മാക്ബത്തായി നിറഞ്ഞാടി കാഞ്ഞങ്ങാട്ടെ സി. നാരായണന്. ഹൊസ്ദുര്‍ഗ് യുബിഎംസി സ്കൂളില്‍ ആസ്വാദക വൃന്ദത്തിന്റെ മുന്നില്‍ ഡെസ്റ്റിനി ഓഫ് മാക്ബത്ത് എന്ന സോളോ ഡ്രാമ അവതരിപ്പിച്ചാണ് നാരായണന് നിറഞ്ഞ കൈയടി നേടിയത്.
അനന്തകൃഷ്ണനാണ് നാടകം സംവിധാനം ചെയ്തത്. ദീപ സംവിധാനം നിര്‍വഹിച്ചത് അശ്വത് മുത്തപ്പനും മ്യൂസിക് കൈകാര്യം ചെയ്തത് നാരു പാറൈ സെയില്‍ എന്ന കലാകാരനുമാണ്. ലേഡീമാക് ബത്തിനു ശബ്ദം നല്‍കിയത് രഞ്ജിനി ജയരാജന് ആണ്. ഓക്സ്ഫോര്‍ഡ് ടൈലേഴ്സ് ഭാസ്കരന്റേതാണ് കോസ്റ്റ്യൂംസ്. അനന്തകൃഷ്ണന്റെ സംവിധാനവും അതിനൊത്ത പശ്ചാത്തല സംഗീതവും ദീപ വിതാനവും, ശബ്ദ വിന്യാസവും, കോസ്റ്റ്യൂംസും നാടകത്തിന് ഏറെ ദൃശ്യചാരുത പകര്‍ന്നു.
തിങ്കളാഴ്ച നിശ്ചയം ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനേതാവായിരുന്ന നാരായണന് ആ സിനിമയിലെ നായികയായ അനഘ നാരായണന്റെ പിതാവുമാണ്.
District News
വെള്ളരിക്കുണ്ട്: സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ "അടുപ്പില്ലാത്ത അടുക്കള' എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. അടുപ്പോ ഗ്യാസോ തീയോ ഇല്ലാതെ പാകം ചെയ്യാവുന്ന ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ ഒരുക്കിയത്.
ഉണങ്ങിയതും പച്ചയുമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുകൊണ്ട് കുട്ടികൾ തന്നെ തയാറാക്കിയ വിവിധയിനം ഭക്ഷ്യവിഭവങ്ങളുടെയും പാനീയങ്ങളുടെയും പോഷക മൂല്യങ്ങളും വിവരിച്ചു നൽകി.
പ്രിൻസിപ്പൽ സിസ്റ്റർ ഉദയ ഉതുപ്പാൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. സിസ്റ്റർ അർച്ചന, അധ്യാപകരായ കെ.എൽ. ആശ, ഡോണ ജോസഫ്, വിദ്യാർഥികളായ ജോവാൻ ജോസഫ്, ബിയോൺ സണ്ണി എന്നിവർ നേതൃത്വം നൽകി.
District News
കാസര്‍ഗോഡ്: മെഡിക്കല്‍ കോളജുകളില്‍ ആവശ്യമായ ചികിത്സാസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയാല്‍ മാത്രമേ രോഗികള്‍ക്കും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും അതിന്റെ പ്രയോജനം ലഭിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍. മേനോന്. ഐഎംഎ ജില്ലാ കണ്വൻഷന് കാസര്‍ഗോഡ് ഐഎംഎ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് ഡോ. ജനാര്‍ദന നായിക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്. ചന്ദ്രന്, ഡോ. രേഖ റൈ, ഡോ. എം.എന്‍. അരുണ്‍, ഡോ. സത്യജിത്, ഡോ. വേണുഗോപാല്‍, ഡോ. ബി. നാരായണനായിക്, ഡോ. ഡി.ജി. രമേഷ്, ഡോ. വി. സുരേശന്, ഡോ. ടി. കാസിം എന്നിവര്‍ പ്രസംഗിച്ചു.
District News
പാണത്തൂർ: സെന്റ് മേരീസ് പള്ളിയിൽ തിരുനാളിന് നാളെ വൈകുന്നേരം 4.15നു ഇടവക വികാരി ഫാ. ജോസഫ് പന്തലാടിക്കൽ കൊടിയേറ്റും. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം-ഫാ. ജോൺസൺ പടിഞ്ഞാറേയിൽ.
31നു രാവിലെ ഏഴിനു വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് റാസ കുർബാന, വചന സന്ദേശം-ഫാ. മാത്യു കുന്നേൽ, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ. 6.30നു വാദ്യമേളങ്ങൾ. 6.45നു പാണത്തൂർ ടൗണിലേക്ക് പ്രദക്ഷിണം. തിരുനാൾ സന്ദേശം-ഫാ. ജോഫിൻ കുരുവൻമാക്കൽ.
സമാപനദിനമായ ഫെബ്രുവരി ഒന്നിനു രാവിലെ ഏഴിനു വിശുദ്ധ കുർബാന. 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, ലദീഞ്ഞ്-അതിരൂപത ചാൻസലർ റവ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ. ഉച്ചയ്ക്ക് 12നു കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് നേർച്ചഭക്ഷണം.
വൈകുന്നേരം ആറിനു നടക്കുന്ന പൊതുസമ്മേളനത്തിൽ അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യാതിഥിയാകും. തുടർന്ന് സൺഡേ സ്കൂളിന്റെയും വിവിധ ഭക്തസംഘടനകളുടെയും സംയുക്ത വാർഷികാഘോഷം.
District News
കുട്ടിക്കാനം: മരിയൻ കേളജിലെ മാധ്യമപഠന വിഭാഗവും മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി കുട്ടിക്കാനവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള യ്ക്ക് (കിഫ്) തിരിതെളിഞ്ഞു.
പ്രശസ്ത എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാൽ മേള ഉദ്ഘാടനം ചെയ്തു. യോഗത്തിന് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് അധ്യക്ഷത വഹിച്ചു. ലഹരിയുടെ അടിമത്വത്തിൽനിന്ന് വിജയിച്ചു കരകയറിയവരുടെ കഥകളാണ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന കിഫിന്റെ എട്ടാം പതിപ്പിന്റെ പ്രമേയം.
മുൻ വർഷങ്ങളിൽ ഫെസ്റ്റിവലിലെ സജീവ സാന്നിധ്യമായിരുന്ന മുൻ എംഎൽഎ വാഴൂർ സോമനെ ചടങ്ങിൽ അനുസ്മരിച്ചു. കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമപഠന വിഭാഗത്തിന്റെ പ്രസാധക സംരംഭമായ മാക്കോണ്‍ ബുക്സിന്റെ ആദ്യബുക്കായ "ഫിലിമിക് നരേറ്റീവ് ഓഫ് ഹോപ്പ്' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനംചെയ്തു.
പുസ്തകത്തിന്റെ ആദ്യപ്രതി സംവിധായകൻ മധുപാൽ, പ്രിൻസിപ്പൽ അജിമോൻ ജോർജിൽനിന്ന് ഏറ്റുവാങ്ങി. കോളജ് ഐക്യുഎസി എക്സിക്യൂട്ടീവ് മെംബർ ബി. രാധാകൃഷ്ണപിള്ള പുസ്തകം പരിചയപ്പെടുത്തി.
മേളയുടെ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം കോളജ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശിന് ആദ്യ പ്രതി നൽകി നിർവഹിച്ചു.
മാധ്യമവിഭാഗം തലവൻ ഫാ. സോബി തോമസ് കന്നാലിൽ, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫാ. അജോ പേഴുംകാട്ടിൽ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കോട്ടയം റീജണൽ കോ-ഓർഡിനേറ്റർ ഷാജി അന്പാട്ട്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആൻസൻ തോമസ്, സ്റ്റഡന്റ് കോ-ഓർഡിനേറ്റർമാരായ ഫെബിൻ ജെയ്മോൻ, ശീതൾ റെജി, ഫിസ ഫാത്തിമ, മെഡിയോസ് ടോക്കീസ് ഫിലിം സൊസൈറ്റി അധ്യക്ഷ അക്സ അന്നാ ഷിബു, മാധ്യമപഠന വിഭാഗം ഡയറക്ടർ പ്രഫ. എം. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ രാജ്യാന്തര ചിത്രങ്ങൾ ഉൾപ്പെടെ 15 സിനിമകൾ പ്രദർശിപ്പിക്കും. മേളയുടെ മൂന്നാം ദിവസം, ‘ലഹരി ഉപയോഗിക്കുന്നവരോട് പൊതുസമൂഹത്തിനുള്ള സമീപനം’ എന്ന വിഷയത്തിൽ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.
സംവിധായകൻ പ്രജേഷ് സെൻ മേളയുടെ ഓപ്പണ്‍ ഫോറത്തിൽ പങ്കെടുത്തു സംസാരിക്കും. മേളയുടെ ഭാഗമായി ഇന്ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീദ ചാലക്കുടി നയിക്കുന്ന നാടൻപാട്ട് പരിപാടിയും അരങ്ങേറും.
District News
കോളപ്ര: കുടയത്തൂര്‍, മുട്ടം, ആലക്കോട് എന്നീ പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന മലങ്കര ജലശയത്തിനു മുകളിലൂടെ കോളപ്ര ഭാഗത്ത് നിര്‍മിച്ച ആര്‍ച്ച് പാലം അമിതലോഡ് കയറ്റിയവാഹനങ്ങള് സഞ്ചരിച്ച് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ പാലം ഉപരോധിച്ചു.
നിര്‍മാണ വേളയില്‍ പാലത്തിലൂടെ അഞ്ച് ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണമെന്ന് ചീഫ് എന്‍ജിനിയര്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം വാഹനങ്ങള്‍ സഞ്ചരിക്കാതിരിക്കാന്‍ പാലത്തില്‍ ആര്‍ച്ച് നിര്‍മിക്കുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ മറികടന്ന് ഭാരവാഹനങ്ങള്‍ പാലത്തിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ചതിനെ തുടര്‍ന്നാണ് പാലം അപകടാവസ്ഥയിലായതെന്നും നാട്ടുകാര്‍ പറഞ്ഞു.
പാലത്തിന്റെ പല ഭാഗത്തും കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നു വലിയ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ടിപ്പര്‍ ലോറികള്‍ ലോഡുമായി പാലത്തിലൂടെ കടന്നുപോകുന്നതു പൂര്‍ണമായും നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിന്, വാര്‍ഡംഗം ഫ്രാന്‍സിസ് പടിഞ്ഞാറേടത്ത്, സുബിന പഴയിടം, ലിയോ ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പലത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ചീഫ് എന്‍ജിനിയര്‍, എംവിഐപി അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറി, പോലീസ്, മോട്ടോര്‍വാഹന വകുപ്പ് എന്നിവര്‍ക്ക് രേഖാ മൂലം പരാതി നല്‍കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
District News
തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയില്‍ വീട് പൂര്‍ണമായി കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ശാസ്താംപാറ തുരുത്തേല്‍ നിജിയുടെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്നലെ ഉച്ചയോടെ കത്തിനശിച്ചത്.
വിവരമറിഞ്ഞ് തൊടുപുഴയില്‍നിന്നു ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും ഇവിടേക്ക് വാഹനം കയറാതെ വന്നതോടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. നിജിയുടെ പഴയ ഓടിട്ട വീടാണ് പൂര്‍ണമായും കത്തിനശിച്ചത്. വീട് വാടകയ്ക്ക് നല്‍കിയിരുന്നതാണ്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ജോജിയും ഭാര്യയും ജോലിക്കും പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രണ്ട് പെണ്‍കുട്ടികള്‍ സ്കൂളിലുംപോയ സമയത്താണ് തീ പിടിത്തമുണ്ടായത്.
കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ കത്തി നശിച്ചു. ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി താമസിപ്പിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്. അപകടവിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍, വാര്‍ഡ് മെംബര്‍ ബിന്‍സി മാര്ട്ടിന്, പോലീസ്, റവന്യു അധികൃതര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തിയിരുന്നു.
District News
തൊടുപുഴ: ജില്ലയില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ നടത്തി. ഇതിനു മുന്നോടിയായി 18 പഞ്ചായത്തുകളിലും പഠിതാക്കളുടെ യാത്രയയപ്പ് സമ്മേളനങ്ങളും സംഘടിപ്പിച്ചു.
സാക്ഷരതാ പ്രേരക്മാരും വോളണ്ടറി ടീച്ചര്‍മാരും പരീക്ഷയ്ക്ക് നേതൃത്വം നല്കി. പരീക്ഷയുടെമുഖ്യ നിരീക്ഷകന് കേന്ദ്ര വിദ്യാഭാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നവ്ദീപ്, സംഘാംഗങ്ങള്‍ എന്നിവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിച്ചു.
സാക്ഷരത മിഷന് അസി. ഡയറക്ടര്‍ ഡോ. ലിജോ പി. ജോര്‍ജ്, ജില്ലാ കോ-ഓര്‍ഡിറ്റേര്‍ പി.എം. അബ്ദുള്‍കരീം, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ശ്രീജന് എന്നിവര്‍ നേതൃത്വം നല്കി. അടിമാലി, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാല്‍, ബൈസന്‍വാലി, രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാര്‍, വണ്ടന്മേട്, ചക്കുപള്ളം, വണ്ടിപ്പെരിയാര്‍, പാമ്പാടുംപാറ, ഉപ്പുതറ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്.
District News
നെയ്യശേരി: സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ 175-ാംവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക സമ്മേളനം നടത്തി. വികാരി ഫാ. പോള്‍ മൈലയ്ക്കച്ചാലില്‍ അധ്യക്ഷത വഹിച്ചു. ജീവ മില്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മൂര്‍ക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പാലിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍, വിപണനം, ക്ഷീരകൃഷിയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് അദ്ദേഹം ക്ലാസ് നയിച്ചു.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് ജീവ മില്‍ക്കിന്റെ നേതൃത്വത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പള്ളി ട്രസ്റ്റിമാരായ ബെന്നിചൂരത്തൊട്ടി, ജീസ് ആയത്തുപാടം എന്നിവര്‍ക്കു പുറമേ അഡ്വ. രാജീവ് പാടത്തില്‍, ജയിംസ് മഞ്ചപ്പിള്ളില്‍, ജയിംസ് തോട്ടത്തിമാലില്‍, സിജോ മുണ്ടന്‍കാവില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു സ്നേഹവിരുന്നും നടത്തി.
District News
ചെറുതോണി: മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹിള കോൺഗ്രസ് പ്രവർത്തകരെ ആദരിക്കുന്ന സിതാരേ - വിജയി - പോരാളി സംഗമം നടന്നു. ചെറുതോണി ജില്ലാ വ്യാപാര ഭവനിൽ നടന്ന യോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമൻ, കെപിസിസി എക്സിക്യുട്ടീവ് അംഗം എ.പി. ഉസ്മാൻ, എം.ഡി. അർജുനൻ, മണിമേഖല, മിനി പ്രിൻസ്, ആൻസി ജയിംസ് തുടങ്ങിവർ പ്രസംഗിച്ചു.
District News
തൊടുപുഴ: കരിമണ്ണൂര്‍ പഞ്ചായത്തിലെ തേങ്കോടം, മണ്ണൂക്കാട്, കുഴിമറ്റം പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരേ മത-സാമുദായിക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിന് വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ചും തുടര്‍ന്നു ധര്‍ണയും നടത്തുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
65 വര്‍ഷംമുമ്പ് ഈ പ്രദേശങ്ങളില്‍ വന്യമൃഗശല്യം ഉണ്ടായിരുന്നതായും എന്നാല്‍ സമീപനാളിലാണ് കാട്ടാന ഉള്‍പ്പെടെയുള്ളവയുടെ ശല്യം വര്‍ധിച്ചതെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് തയാറാകുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
രാത്രി സമയങ്ങളില്‍ ഭയംകൂടാതെ പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്. ഏതുസമയത്തും വീട്ടിലേക്ക് കാട്ടാന എത്തുമെന്ന ഭയപ്പാടിലാണ് ആളുകള്കഴിയുന്നത്. കഴിഞ്ഞ ദിവസം വീടിന് 15 മീറ്റര്‍ അകലെ കാട്ടാനയെത്തിയിരുന്നു. കുരങ്ങ്, മലയണ്ണാന്, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യവും വര്‍ധിച്ചുവരികയാണ്. കൃഷിയും വിളകളും നശിപ്പിക്കുന്നതു പതവായിരിക്കുകയാണ്. വന്യമൃഗശല്യംമൂലം കൃഷിയുപേക്ഷിച്ച് പോകേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
തൊമ്മന്‍കുത്തില്‍നിന്നും കച്ചിറമൂഴിയില്നിന്നും തൊമ്മന്‍കുത്ത് ചപ്പാത്ത് ഭാഗത്തേക്ക് പുഴകടന്നാണ് കാട്ടാനകളെത്തുന്നത്. നേരത്തേ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഫയര്‍ലൈന്‍ തെളിച്ചിരുന്നു. എന്നാല്‍ ഇതിനും വനംവകുപ്പ് തയാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതുമൂലം മുളപ്പുറം-തൊമ്മന്‍കുത്ത് റോഡിന്റെ ഇരുവശവും കാടുംപടലും വളര്‍ന്നുനില്‍ക്കുകയാണ്. ഇത് അപകട ഭീഷണി സൃഷ്ടിക്കുന്നു. തൊമ്മന്‍കുത്ത് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. റോഡിന് ഇരുവശവും കാടുംപടലും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ പെരുമ്പാമ്പിന്റെ ശല്യവും മേഖലയിലുണ്ട്. രാത്രി സമയങ്ങളില്‍ ഇതുവഴി സഞ്ചരിക്കാനാകാത്ത സാഹചര്യമാണുള്ളത്.
നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡ് സമീപനാളില്‍ 136 കോടി ചെലവഴിച്ച് പുനര്‍നിര്‍മിച്ചിരുന്നു. എന്നാല്‍ റോഡിലെ വളവുകളുള്ള പ്രദേശം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് വീതിയില്ലാത്ത സാഹചര്യമാണ്. ഒരുതൂമ്പ മണ്ണുപോലും നീക്കാന്‍ വനംവകുപ്പ് സമ്മതിക്കാത്തതാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു.
പോരാട്ടം അതിജീവനത്തിനായി
കാട്ടാനകള്‍ കൃഷിസ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ആര്‍ആര്‍ടിയുടെ സ്ഥിരം നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തുക, മുളപ്പുറം ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ തൊമ്മന്‍കുത്ത് ചപ്പാത്ത് വരെ റോഡില്‍ പൂര്‍ണമായി വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് കെഎസ്ടിപിക്ക് അനുമതി നല്‍കുക, റോഡിന് ഇരുവശവുമുളള പ്ലാന്റേഷനിലെ അടിക്കാടുകള്‍ വര്‍ഷത്തില്‍ നാലു തവണയെങ്കിലും വെട്ടിമാറ്റുന്നതിന് പ്രദേശവാസികള്‍ക്ക് അനുമതി നല്‍കുക,
കൃഷിയിടത്തിനു ചുറ്റുമുള്ളതും വീട്ടിലേക്കു പോകുന്ന വഴികളിലെയും അടിക്കാടുകള്‍ വെട്ടിനീക്കുന്നതിനു പ്രദേശവാസികളെ അനുവദിക്കുക, മുളപ്പുറം ഫോറസ്റ്റ് സ്റ്റേഷന് മുതല്‍ തൊമ്മന്‍കുത്ത് ചപ്പാത്ത് വരെ പ്ലാന്റേഷനുളളില് ബിഎംബിസി നിലവാരത്തില്‍ റോഡ് ടാറിംഗ് നടത്തിയപ്പോള്‍ ടാറിംഗ് ഉയര്‍ന്നു നില്ക്കുന്നതിനാല് വീതി കുറയുകയും ഇരുവശവും താഴ്ച കൂടുകയും ചെയ്ത റോഡിന്റെ ഇരുവശത്തും മണ്ണുകൊണ്ടുള്ള ഷോള്‍ഡര്‍ നിര്‍മിക്കുന്നതിന് അനുവദിക്കുക, പ്ലാന്റേഷനുള്ളിലെ റോഡിന്റെ വളവുകളിലെ കാഴ്ച മറയ്ക്കുന്ന മണ്‍തിട്ടകള്‍ നീക്കം ചെയ്യുന്നതിന് പ്രദേശവാസികളെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരം നടത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ സാമുദായിക സംഘടനാ നേതാക്കളായ തൊമ്മന്‍കുത്ത് സെന്റ് തോമസ് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം, മുളപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാ. ഗിറ്റ്സണ്‍ പി. വര്‍ഗീസ്, മുളപ്പുറം സെന്റ് ജൂഡ് പള്ളി വികാരി ഫാ. ഫ്രാന്‍സീസ് മഠത്തിപ്പറമ്പില്‍, മുളപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. എല്‍ദോസ് ജോണ്‍ കടുകുംമാക്കല്, തൊമ്മന്‍കുത്ത് മുഹയുദീന് ജുമാമസ്ജിദ് ഇമാം അബ്ദുള്‍ സമദ് സഖാഫി, കരിമണ്ണൂര്‍ എസ്എന്‍ഡിപി യോഗം ബ്രാഞ്ച് സെക്രട്ടറി വിജയന് താഴാനി, തൊമ്മന്‍കുത്ത് കെപിഎംഎസ് പ്രസിഡന്റ് വിജയന് മൂന്നുമാക്കല്‍,
നാല്പ്പതേക്കര് ശാന്തികാട് ദേവീക്ഷേത്രം സെക്രട്ടറി അനില്‍കുമാര്‍, കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ചും ധര്‍ണയും നടത്തുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ മൂവാറ്റുപുഴ-തേനി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. ജോസ് കിഴക്കേല്‍, എം.എം. ജോഷി, പി.ആര്. അനില്‍കുമാര്‍, ജാസില്‍ ഫിലിപ്പ്, റെജി കെ. പോള്‍, തങ്കച്ചന് പുത്തന്‍പുരയ്ക്കല്‍ എന്നിര്‍ പങ്കെടുത്തു
District News
തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്കരണ ഗ്രേഡിംഗ് ആരംഭിച്ചു.മാലിന്യം വാതില്‍പ്പടി ശേഖരണ കവറേജ്, അജൈവ മാലിന്യശേഖരണ സംവിധാനങ്ങള്‍, ജൈവമാലിന്യ സംവിധാനം, ദ്രവമാലിന്യ സംസ്കരണം, സാനിട്ടറി മാലിന്യം, എന്‍ഫോഴ്സ്മെന്റ്, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, പ്രോജക്ട് നിര്‍വഹണം, പൊതുശുചിത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രേഡിംഗ്. ഫെബ്രുവരി പകുതിയോടെ നാല് ഘട്ടങ്ങളിലായി ഇതു പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ പ്രത്യേക സോഫ്റ്റ്വെയറില് ഗ്രേഡിംഗ് ഘടകങ്ങളുടെയും സൂചകങ്ങളുടെയും അടിസ്ഥാനത്തിലുള്ള ചോദ്യാവലിക്കുള്ള ഉത്തരം തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ വിവരങ്ങളുടെ പരിശോധനയും ഫീല്‍ഡ്തല പരിശോധനയുമാണ്.പഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ വിവര പരിശോധനയ്ക്കും ഫീല്‍ഡ്തല പരിശോധനയ്ക്കും പ്രത്യേകം സംഘങ്ങളുണ്ട്.
പഞ്ചായത്തിലും നഗരസഭയിലും വിലയിരുത്തിയ വിവരങ്ങള്‍ യഥാക്രമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ജില്ലാ അസിസ്റ്റന്റ് ഡയറക്ടറും അന്തിമമാക്കും. ജില്ലാ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്, ഹരിതകേരളം മിഷന്, മാലിന്യമുക്തം നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ചേര്‍ന്ന് ജില്ലാതലത്തില്‍ വിവരങ്ങള്‍ അന്തിമമാക്കുന്നതാണ് മൂന്നാംഘട്ടം.
അവസാനഘട്ടം ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗ്രേഡിംഗ് ലിസ്റ്റ് തദ്ദേശഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ശുചിത്വമിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംസ്ഥാനതല ഗ്രേഡിംഗ് കമ്മിറ്റി പരിശോധിച്ച് മാര്‍ക്ക് നിശ്ചയിക്കും.
കോര്‍പറേഷനുകള്‍, നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിങ്ങനെ വേര്‍തിരിച്ച് റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. ആദ്യ മൂന്ന് റാങ്കുകളിലെത്തുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരവും സമ്മാനിക്കും.
District News
തൊടുപുഴ: പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിടാന്‍ കത്തിച്ച മെഴുകുതിരികള്‍ മെഴുകുമലയായി മാറി. തൊടുപുഴ സീനായി ഹോട്ടല്‍ ഉടമ സീനായി ചാക്കോച്ചനാണ് (75) മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ഥനയോടെ പ്രതിദിനം കടയുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത്. തൊടുപുഴ-ഇടുക്കി റോഡില്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന് എതിര്‍വശത്തുള്ള ഹോട്ടലില്‍ എത്തിയാല്‍ ആദ്യം ഏവരുടേയും ശ്രദ്ധയില്‍പ്പെടുന്നതും ഈ മെഴുകുമലയാണ്. വിശ്വാസത്തിന്റെ ആഴം വിളിച്ചോതുന്ന ഈ മെഴുകുമല കാണുന്നവരുടെ മനസിലും ആത്മീയ ചൈതന്യം അറിയാതെ ഉണര്‍ന്നിരുന്നു.
ഒരിക്കല്‍ തീപിടിച്ച് മെഴുകുമല ഭാഗികമായി കത്തി നശിച്ചെങ്കിലും ഇദ്ദേഹം വീണ്ടും കൊളുത്തിയ തിരികള്‍ കത്തിയമര്‍ന്ന് മെഴുകുമല പഴയസ്ഥിതിയിലായി. ജീവിതത്തില്‍ ഏറെ കഷ്ടപ്പാടുണ്ടായിരുന്നെങ്കിലും പാവങ്ങളെ സഹായിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക താത്പര്യമെടുത്തിരുന്നു.
ചെറുപ്പത്തില്‍ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ സഹായിയായി ജീവിതപോരാട്ടം തുടങ്ങിയ ചാക്കോച്ചന് ചേട്ടന് സീനായ് ഹോട്ടലിലൂടെ അനേകരുടെ വിശപ്പകറ്റാനും ശ്രമിച്ചു. നേരത്തേ വേളാങ്കണ്ണി തീര്‍ഥയാത്ര പോകുമ്പോള്‍ കടപ്പുറത്തെ നിരാലംബര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഇദ്ദേഹം കൈയില്‍ അരിയും കരുതിയിരുന്ന കാര്യം പൊതുപ്രവര്‍ത്തകനായ ആമ്പല്‍ ജോര്‍ജ് അനുസ്മരിച്ചു.
സാധുക്കളെ സംരക്ഷിക്കുക, തെരുവില്‍ അലഞ്ഞ് നടക്കുന്നവരുടെയും ഭിക്ഷാടകരുടെയും മുടിവെട്ടുക തുടങ്ങിയവ ഹോട്ടല്‍ ബിസിനസിനൊപ്പം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കോലാനിയില്‍ ആകാശപ്പറവകളുടെ ക്യാമ്പ് സംഘടിപ്പിച്ച് പാവങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ചുള്ള എയ്ഡ്സ് രോഗികളുടെ സംരക്ഷണ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വിവിധ അനാഥാലയങ്ങളില്‍ അന്നദാനം നടത്തുന്നതും പതിവായിരുന്നു.
വിശന്ന് ചെല്ലുന്ന ആര്‍ക്കും സീനായ് ഹോട്ടല്‍ അത്താണിയായിരുന്നു. നിശബ്ദമായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ പാവങ്ങളുടെ രക്ഷകനായ സീനായ് ചാക്കോച്ചന് കഴിഞ്ഞ ദിവസം നിത്യതയിലേക്ക് യാത്രയായതോടെ നന്മമരത്തിന്റെ മരിക്കാത്ത ഓര്‍മകളാണ് അനേകരുടെ മനസില്‍ ഉണരുന്നത്.
District News
ചെറുതോണി: റോഡ് നിർമാണത്തിനായി വഴി തടസപ്പെടുത്തിയിട്ട് മാസങ്ങളായി. രണ്ട് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തത് പകുതി ദൂരം മാത്രമാണ്. ഇതിനിടെ കരാറുകാരൻ യന്ത്രങ്ങൾ സ്ഥലത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം - കേശമുനി- തടിയമ്പാട് റോഡാണ് മൂന്നു വർഷത്തോളമായി നാട്ടുകാർക്ക് ദുരിതമായിരിക്കുന്നത്.
റീബിൽഡ് കേരളയിൽപ്പെടുത്തി ഭൂമിയാംകുളം മുതൽ കേശമുനി വരെ രണ്ട് കിലോമീറ്റർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനു രണ്ടുകോടി രൂപയാണ് അനുവദിച്ചിരുന്നത്.
മൂന്ന് വർഷത്തോളമായി മന്ത്രി റോഷി അഗസ്റ്റിൻ റോഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയിട്ട്. ടാർ ചെയ്തിരുന്ന റോഡ് മുഴുവൻ കുത്തിപ്പൊളിക്കുകയും ചെയ്തു. വാഹനങ്ങൾ സുഗമമായി സഞ്ചരിച്ചിരുന്ന റോഡിൽ ഇതോടെ കാൽനടയാത്ര പോലും സാധ്യമല്ലാതായി.
നാട്ടുകാർ നിരവധി സമരങ്ങൾ നടത്തുകയും ജില്ലാ കളക്ടർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുമെല്ലാം പരാതി നൽകുകയും ചെയ്തതോടെയാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. വളരെ കുറച്ച് യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 50 വർഷത്തെ ഉത്തരവാദിത്വത്തോടെയാണ് റോഡ് നിർമിക്കുന്നതെന്നാണ് പറയുന്നത്.
പഞ്ചായത്തു തെരഞ്ഞെടുപ്പു സമയത്ത് രാഷ്ട്രീയ പാർട്ടി നേതാക്കൾ അഞ്ചു ലക്ഷം രൂപ പാർട്ടി ഫണ്ടിലേക്ക് സംഭാവന ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക നൽകാൻ സാധ്യമല്ലെന്ന് കരാറുകാരൻ വ്യക്തമാക്കിയതോടെ നിർമാണം നിർത്തിവയ്ക്കാൻ അധികൃതർ നിദേശിച്ചതായും പറയുന്നുണ്ട്. സംഭവം വിവാദമായതോടെ നിർമാണം തുടരാൻ ആവശ്യപ്പടുകയായിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പകുതി ദൂരം മാത്രമാണ് കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി 21 ദിവസം കഴിഞ്ഞ് മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളു.
ഒരു ദിവസം പരമാവധി 25 മീറ്ററിൽ താഴെ മാത്രമേ റോഡ് നിർമാണം നടക്കുന്നുള്ളു. ഒരു വാഹനവും കടത്തിവിടാതെ റോഡ് പൂർണമായി അടച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നത്. കഴിഞ്ഞ ആഴ്ച ഇവിടെ ഉണ്ടായിരുന്ന എല്ലാ യന്ത്രങ്ങളും വാഹനങ്ങളും സ്ഥലത്തുനിന്ന് കൊണ്ടുപോവുകയും ചെയ്തു.
മാസങ്ങളായി റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെ ജനങ്ങൾ വലിയ ദുരിതത്തിലായിരിക്കയാണ്. നിലവിൽ നിർമിച്ചിരിക്കുന്ന ഭാഗത്തെ റോഡിന്റെ ഗുണനിലവാരം പരിശോധിച്ചശേഷം മാത്രമേ പണികൾ ആരംഭിക്കുകയുള്ളുവെന്നാണ് അറിയാൻ കഴിയുന്നത്. നിർമാണം പുനരാരംഭിച്ചാലും പൂർത്തീകരിച്ച് വാഹനസഞ്ചാരത്തിനായി തുറന്നു കൊടുക്കണമെങ്കിൽ മാസങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും. മന്ത്രിയും ജില്ലാ കളക്ടറും ഇടപെട്ട് എത്രയും വേഗം റോഡിന്റെ പണികൾ പൂർത്തിയാക്കി തുറന്നു കൊടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
തൊടുപുഴ: ശുചീകരണ ജോലിക്കിടെ കളഞ്ഞുകിട്ടിയ അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം തിരികെ നല്കി മാതൃകയായ ശശികലയെ തൊടുപുഴ നഗരസഭ ആദരിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഉപഹാരം സമ്മാനിച്ചു. വൈസ് ചെയര്മാന് കെ. ദീപക്, കൗണ്‍സിലര്‍ എസ്. പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ബുധനാഴ്ച മങ്ങാട്ടു കവല ഫെഡറല്‍ ബാങ്കിന് മുന്നില്‍നിന്നാണ് താത്കാലിക ജീവനക്കാരിയായ ശശികലയ്ക്ക് അഞ്ചു പവന് തൂക്കം വരുന്ന മാല കിട്ടുന്നത്. കരിമണ്ണൂര്‍ മുളപ്പുറം സ്വദേശിനി ഷേര്‍ളി കുര്യാക്കോസിന്റേതായിരുന്നു സ്വര്‍ണം. മാല ശശികല ബാങ്ക് മാനേജര്‍ സുബിന് സണ്ണിയെ ഏല്‍പ്പിച്ചു. മാനേജറാണ് സ്വര്‍ണം തൊടുപുഴ സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് മാലയുടെ ഉടമ സ്റ്റഷനിലെത്തി മാല കൈപ്പറ്റുകയായിരുന്നു.
District News
കട്ടപ്പന: കളഞ്ഞുകിട്ടിയ ഒരു പവന് തൂക്കം വരുന്ന സ്വര്‍ണച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്കി ഇരട്ടയാര്‍ വാഴവര മണ്ണിപ്ലാക്കല്‍ ഏഥല്‍ മാതൃകയായി. കഴിഞ്ഞദിവസം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്ന സ്വര്‍ണച്ചെയിന്‍ ഏഥലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം പിതാവ് സജിയോട് പറയുകയും ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.
ആശുപത്രിയിലെത്തിയ ശാന്തിഗ്രാം സ്വദേശികളുടെ കുട്ടിയുടെ കൈയിലെ സ്വര്‍ണ ചെയിനാണ് നഷ്ടപ്പെട്ടുപോയത്. ചെയിന്‍ നഷ്ടപ്പെട്ട വിവരം ഇവര്‍ ആശുപത്രിയില്‍നിന്ന് പുറത്തുപോയശേഷമാണ് മനസിലാകുന്നത്. തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തി തിരക്കിയപ്പോള്‍ ചെയിന്‍ ലഭിച്ച വിവരം ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞു. തുടര്‍ന്ന് സജിയും മകള്‍ ഏഥലും കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തി ചെയിന്‍ ഉടമസ്ഥര്‍ക്ക് കൈമാറി.
District News
കായംകുളം: വള്ളികുന്നം പ്രദേശങ്ങളിൽ നാട്ടുകാരുടെയും പോലീസിന്റെയും സ്വൈര്യജീവിതം തകർത്ത് മോഷണ പരമ്പര നടത്തിവന്നിരുന്ന കുപ്രസിദ്ധ മോഷ്ടാവ് സ്പൈഡർ സുനിലും സഹായിയും പിടിയിൽ.
കായംകുളം കൃഷ്ണപുരം കാപ്പിൽ അശ്വിൻ ഭവനത്തിൽ സ്പൈഡർ എന്നു വിളിക്കുന്ന സുനിൽ (47), ഇയാളുടെ സഹായിയായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുള്ളിക്കണക്ക് വെളുത്തേരിൽ ജിതേഷ് (39) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ താത്കാലികമായി അടച്ചിട്ടിരിക്കുന്ന വീടുകളുടെ മുൻവാതിൽ തകർത്ത് പണവും സ്വർണവും മോഷണം പോകുന്നത് പതിവായതിനെത്തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായരു ടെ നിർദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്.
2024 മുതൽ ഈ പ്രദേശത്ത് നടന്നുവന്നിരുന്ന മോഷണ സംഭവങ്ങളിൽനിന്നും സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകൾ ഒന്നും കിട്ടിയിരുന്നില്ല. സമാനരീതിയിൽ മോഷണം നടത്തിവന്നിരുന്ന മുൻ കുറ്റവാളികളെയും മോഷണങ്ങൾ നടന്ന പ്രദേശങ്ങളിൽ വാടകയ്ക്ക് താമസിച്ചിരുന്നവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്പൈഡർ സുനിലിനെ പിടികൂടിയത്.
40 വാഹന മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള സ്പൈഡർ സുനിൽ ഈ കേസുകളുടെ കോടതി നടപടികൾ തീർന്നശേഷം സ്കൂൾ വാഹനം ഓടിച്ചും ടാക്സി കാറുകൾ ഓടിച്ചും നാട്ടിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. എന്നാൽ, മുമ്പ് ജയിലിൽ കിടന്നകാലത്ത് സഹതടവുകാരായ തമിഴ് കുറുവ മോഷ്ടാക്കളിൽ നിന്നു വീടുകൾ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുന്നതിനെപ്പറ്റിയും തമിഴ്-കുറുവ രീതിയിൽ വസ്ത്രധാരണം ചെയ്തും പോലീസ് പിടികൂടുമ്പോൾ മോഷണ മുതലുകൾ തിരികെ നൽകാതെ നിസഹരണ രീതിയിൽ പെരുമാറുന്നതും അവരിൽനിന്നു പഠിച്ചുവച്ചിരുന്നു.
നാട്ടിൽ മാന്യനായി ചമഞ്ഞ് ജീവിതം നയിച്ചുവരുന്നതിനിടയിൽ ആഡംബര ജീവിതത്തിന് പണം തികയാതെ വരുന്ന സാഹചര്യങ്ങളിൽ പോലീസ് പിടിക്കപ്പെടാത്ത രീതിയിൽ പഴുതുകൾ അടച്ച് മോഷണം നടത്തിവരുന്നതിനിടയിൽ 2022ൽ കായംകുളത്തു നടന്ന മേഷണക്കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ പോയിരുന്നു.
തുടർച്ചയായി അവധി ദിവസങ്ങൾ വരുന്ന സമയങ്ങളിൽ രാത്രിയോടുകൂടി ബുള്ളറ്റിൽ ഈവനിംഗ് റൈഡ് നടത്തി ഗേറ്റിനു പുറത്തുനിന്നും താഴിട്ട് പൂട്ടിയ വീടുകളും താത്കാലികമായി അടഞ്ഞുകിടക്കുന്ന വീടുകളും കണ്ടുവച്ചശേഷം മോഷണം നടത്തുന്നതാണ് പതിവ്.
രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിച്ചാൽ സിസിടിവി കാമറകളിൽ പതിയുന്നതിനാൽ റോഡുകൾ ഒഴിവാക്കി വയലുകളിലൂടെയും പുരയിടങ്ങളിലുടെയും ആളുകൾ രാത്രിയിൽ കണ്ടാൽ ഭയപ്പെടുന്ന രീതിയിൽ തലയിലുടെ ലുങ്കി പുതച്ച് കയ്യിൽ മാരകായുധവും കരുതി അടിവസ്ത്രം മാത്രം ധരിച്ച് തമിഴ് കുറുവ മോഷ്ടാവാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം കിലോമീറ്ററുകൾ നടന്ന് മുൻകൂട്ടി കണ്ടുവച്ച വീടുകളുടെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
കൂട്ടു പ്രതിയായ സുഹൃത്ത് ജിതേഷ് മോഷണ സ്ഥലത്ത് ബൈക്കിൽ കൊണ്ടുവിടാറുണ്ടെന്ന് സുനിൽ പോലീസിനോട് പറഞ്ഞതിനെത്തുടർന്നാണ് ജിതേഷിനെയും പിടികൂടിയത്. സ്പൈഡർ സുനിലിനെ കൃഷ്ണപുരം കൊട്ടാരത്തിനു സമീപത്തുനിന്നും ജിതേഷിനെ പുള്ളിക്കണക്കിനു സമീപത്തുള്ള വീട്ടിൽനിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ കെ. ദിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അനീഷ് ജി. നാഥ്, എം. അൻഷാദ്, മുഹമ്മദ് ഷെഫീക്, അരുൺ ഭാസ്കർ, സിവിൽ പോലീസ് ഓഫീസർമാരായ എം. അഖിൽ കുമാർ, എ.എസ്. ഫിറോസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
District News
തുറവൂർ: രാജ്യത്തെ ഏറ്റവും നീളം കൂടിയ അരൂർ- തുറവൂർ ഉയരപ്പാതയും തുറവൂർ-പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ്- നേരേകടവ് പാലവും യാഥാർഥ്യമാകുന്നതോടെ വൻ വികസനക്കുതിപ്പിലേക്ക് നീങ്ങുകയാണ് തുറവൂർ.
തുറവൂർ-അരൂർ ഉയരപ്പാതയുടെയും മാക്കേക്കടവ് പാലത്തിന്റെ യും നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി അവസാന ഘട്ടത്തിലേക്കു കടന്നു.
85 ശതമാനം ജോലികൾ പൂർത്തിയായി. നിർമാണം ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോ മീറ്റർ പാതയാണ് പണി പൂർത്തിയാകുന്നത്.തുറവൂർ ജംഗ്ഷനിൽനിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തുന്നതായിരുന്നു ആദ്യ ഡിസൈൻ.
എന്നാൽ, തുറവൂർ ജംഗ്ഷനിലെ വികസനം ഇല്ലാതാകുമെന്ന പരാതിയെത്തുടർന്ന് ഇത് 480 മീറ്ററായി വർധിപ്പിച്ചു. ഇതോടെ 12.75 കിലോ മീറ്റർ എന്നത് 13 കിലോ മീറ്റർ ഉയരപ്പാതയായി വർധിച്ചു. 27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റത്തൂണിൽ 24.5 മീറ്റർ വീതിയുള്ള ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. മേയ് മാസത്തോടെ തുറവൂർ- അരൂർ ഉയരപ്പാത തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മാക്കേക്കടവ്- നേരേകടവ് പാലം
മാക്കേക്കടവ്-നേരേകടവ് പാലം അടുത്തമാസം തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. തുറവൂർ- പമ്പ പാതയിലെ പ്രധാനപ്പെട്ട ഈ പാലം തുറക്കുന്നതോടെ ഗതാഗത, ടൂറിസം രംഗങ്ങളിൽ പ്രതീക്ഷിക്കനാകാത്ത കുതിപ്പുണ്ടാകും.
തീരദേശവും മലയോരവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള പാത വരുന്നതോടെ വ്യാവസായത്തിലും വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. മലയോരമേഖലകളിൽനിന്നുള്ള കയറ്റുമതി സാധനങ്ങൾ നിലവിലുള്ള ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ തുറവൂരിൽനിന്ന് ഉയരപ്പാത വഴി എളുപ്പത്തിൽ കൊച്ചി തുറമുഖത്തെത്തിക്കാൻ സാധിക്കും. തിരിച്ചുള്ള യാത്രയ്ക്കും ഈ പാത ഉപകരിക്കും.
കൂടാതെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്ന അന്ധകാരനഴി, അർത്തുങ്കൽ, മാരാരിക്കുളം, ചെല്ലാനം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും ഇത് വഴിവയ്ക്കും.
തുറവൂർ ജംഗ്ഷൻ കാലക്രമത്തിൽ ചേർത്തല താലൂക്കിലെ വലിയൊരു ടൗണായും മാറും. തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം കൂടി തുറക്കുന്നതോടെ ആരോഗ്യരംഗത്തും തുറവൂർ ശ്രദ്ധാകേന്ദ്രമാകും.
District News
അമ്പലപ്പുഴ: തെരുവുമക്കളുടെ അഭയകേന്ദ്രമായ പുന്നപ്ര ശാന്തിഭവൻ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുന്നു. വാർഷികാഘോഷം നാളെ നടക്കും. 1997ല്‍ തെരുവില്‍ അലയുന്ന ആരോരുമില്ലാത്തവര്ക്കായാണ് കനലെരിയുന്ന ജീവിതത്തില്‍നിന്നു മാനസാന്തരത്തിലൂടെ കാരുണ്യത്തിന്റെ കൊന്തയുമായി ബ്രദര്‍ മാത്യു ആല്ബിന് ഒരാളുമായി പുന്നപ്ര ശാന്തിഭവന് ആരംഭിക്കുന്നത്.
ആകാശം മേല്‍ക്കൂരയായി ജീവിതം തള്ളിനീക്കിയ 180 പേരാണ് ബ്രദര്‍ മാത്യു ആല്‍ബിന്റെ തണലില്‍ ശാന്തിഭവനില്‍ കഴിയുന്നത്. കൈകാലുകൾ നഷ്ടപ്പെട്ടവർ, കാഴ്ചയില്ലാത്തവർ, മാനസികനില തെറ്റിയവർ, ബുദ്ധിമാന്ദ്യമുള്ളവര്‍, കിടപ്പ് രോഗികളായ പ്രായമുള്ളവര്‍, മറ്റ് രോഗികള്‍ അടക്കമുള്ളവര്‍ക്ക് നാഥനാണ് ബ്രദര്‍ മാത്യു ആല്ബിന്.
തന്റെ കുടുംബവീടും സ്ഥലവും വിറ്റ് ഭാര്യ മേരിയോടൊപ്പം ശാന്തിഭവനിലെ അന്തേവാസികളെ ശുശ്രൂഷിച്ച് അവർക്കൊപ്പം ജീവിക്കുന്നു. ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തമായിട്ടും നേർച്ചയായിട്ടുമാണ് ബ്രദർ മാത്യു ആൽബിൻ ശാന്തിഭവൻ നടത്തുന്നത്. കാരുണ്യത്തിന്റെ ഉറവവറ്റാത്തവരുടെ കൈത്താങ്ങാണ് തെരുവുമക്കള്‍ക്ക് ആശ്രയം. ബന്ധുക്കളുള്ളവര്‍ക്ക് ശാന്തിഭവനില്‍ അഭയം നല്‍കാറില്ല. വിദേശ ഫണ്ടുകളൊന്നും വാങ്ങാതെ കാരുണ്യമതികളുടെ കൈത്താങ്ങ് മാത്രമാണ് ശാന്തിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്രയം.
വിവാഹം, വിവാഹവാർഷികം ചരമദിനം, ചരമവാര്‍ഷികം, ജന്മദിനം, മാമ്മോദീസ തുടങ്ങിയ എല്ലാവിധ ചടങ്ങുകൾക്കും ശാന്തിഭവനിൽ അന്നദാനം നൽകാവുന്നതാണ്. ശാന്തിഭവനിലെ അന്നദാനത്തിൽ അന്നദാതാക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കെടുത്ത് പ്രാർഥനയില്‍ പങ്കെടുക്കാനും ഭക്ഷണം വിളമ്പാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും സാധിക്കും. എന്തും ആഘോഷിക്കുമ്പോള്‍ ശാന്തിഭവനിലെ അന്തേവാസികള്‍ക്കു ഭക്ഷണം ഒരുക്കാന്‍ ശാന്തിഭവന് അധികൃതര്‍ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്.